മസ്കത്ത്: കാറ്റും മഴയും നാശം വിതച്ച ദോഫാർ ഗവർണറേറ്റിൽ വൈദ്യുതി -ജല വിതരണം പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. മഴയിൽ വെള്ളം കയറി വിതരണ ശൃംഖല തകരാറിലായതാണ് ജലവിതരണം മുടങ്ങാൻ കാരണം. തകരാറുകൾ പരിഹരിച്ചുവരുകയാണെന്നും വൈകാതെതന്നെ ജലവിതരണം പൂർവസ്ഥിതിയിലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അധികൃതർ ടാങ്കറുകളിലും കാനുകളിലും വെള്ളമെത്തിച്ച് ബുദ്ധിമുട്ട് കുറക്കാൻ ശ്രമിച്ചുവരുന്നുണ്ട്. കുടിക്കാൻ കുടിവെള്ള ബോട്ടിലുകളാണ് ആശ്രയിക്കുന്നത്. ജലവിതരണം പൂർവ സ്ഥിതിയിലാക്കുന്നതിെൻറ ഭാഗമായി മസ്കത്തിൽനിന്ന് ജനറേറ്ററുകളും ഡീ വാട്ടറിങ് പമ്പുകളും എത്തിച്ചിരുന്നു. വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കപ്പെടാത്ത പ്രദേശങ്ങളുണ്ട്. ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലും. പലയിടങ്ങളിലും ഡീസൽ ജനററ്റേറിെൻറ സഹായത്താലാണ് വെളിച്ചമെത്തിക്കുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ മെകുനു ഭീതിയൊഴിഞ്ഞെങ്കിലും സലാലയടക്കം ദോഫാർ ഗവർണറേറ്റിെൻറ വിവിധയിടങ്ങളിൽ തിങ്കളാഴ്ചയും മഴ പെയ്തു. ശുചീകരണ ജോലികളും മറ്റും നടന്നുകൊണ്ടിരിക്കുകയാണ്. സിവിൽഡിഫൻസ്, റോയൽ ഒമാൻ പൊലീസ് എന്നിവക്ക് ഒപ്പം പ്രാദേശിക സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി വെള്ളത്തിെൻറ ആഴം ഉറപ്പില്ലാത്ത സ്ഥലങ്ങളിലൂടെ നടക്കരുതെന്ന് നാഷനൽ എമർജൻസി സെൻറർ അറിയിച്ചു. ഗവർണറേറ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചുവരുകയാണ്.