ദോഫാറിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനം സജീവം പലയിടങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു
text_fieldsമസ്കത്ത്: ചുഴലിക്കാറ്റും പേമാരിയും ദുരിതം വിതച്ച ദോഫാറിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നു. കൂടുതൽ പേർ അപകടങ്ങളിൽ പെട്ടിട്ടുണ്ടോയെന്നറിയാൻ വലിയ തോതിലുള്ള പരിശോധനയാണ് നടക്കുന്നത്. വാദികളിലും പരിസരങ്ങളിലും പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് ഉൗർജിതമായ തിരച്ചിൽ നടക്കുന്നത്. വാദികളിൽ ഒഴുക്കിൽപെട്ട നിരവധി വാഹനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന തിരച്ചിലിൽ കണ്ടെത്തിയിരുന്നു. നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്.
സലാലയിലെ വാദി സൈഖിൽ വാഹനം ഒഴുക്കിൽപെട്ട് രണ്ടു സ്വദേശികൾ മരിച്ചതായി ഞായറാഴ്ച വൈകീട്ട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. റായ്സൂത്തിൽ വാദിയിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് ചാടിയ തലശ്ശേരി സ്വദേശിയെ ഒഴുക്കിൽപെട്ട് കാണാതായ വിവരവും ഞായറാഴ്ചയാണ് പുറം ലോകമറിഞ്ഞത്. ഇയാൾക്കൊപ്പം ഒഴുക്കിൽപെട്ട ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇൗ മരണങ്ങൾ കൂടി ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ മരണസംഖ്യ എട്ടായി ഉയരാനാണ് സാധ്യത.

സലാല സാധാരണ നിലയിലായി തുടങ്ങിയിട്ടുണ്ട്. പ്രധാന റോഡുകളിൽ എല്ലാം വെള്ളം കാര്യമായി ഇറങ്ങി വാഹനഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. ഞായറാഴ്ചയും വിവിധയിടങ്ങളിൽ ചാറ്റൽമഴ അനുഭവപ്പെട്ടു. ഉൾപ്രദേശങ്ങളിലാണ് വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുന്നത്. റോഡുകളിൽ അവശേഷിക്കുന്ന തടസ്സങ്ങളും ഒഴുകിയെത്തിയ മാലിന്യങ്ങളും നീക്കുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്. പൊലീസും ദ്രുതകർമസേനയും മറ്റു സുരക്ഷാ വിഭാഗങ്ങളും നഗരസഭാ ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങിയാണ് ഇൗ ജോലികൾ നിർവഹിക്കുന്നത്. തകർന്ന റോഡുകളും കടപുഴകി വീണ ടെലിഫോൺ, വൈദ്യുതി പോസ്റ്റുകളുമെല്ലാം നേരെയാക്കുന്ന ജോലികളും പുരോഗമിച്ചുവരുകയാണ്.
ചുഴലിക്കാറ്റിെൻറ കേന്ദ്രഭാഗം ആഞ്ഞടിച്ച റഖിയൂത്ത്, ദൽകൂത്ത് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇങ്ങോട്ടുള്ള റോഡുകൾ തകർന്നതിനാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ ബന്ധവും തകരാറിലായതിനെ തുടർന്ന് ഇവിടെയുള്ള മലയാളികൾ നാട്ടിൽ ബന്ധപ്പെടാൻ കഴിയാത്തതിെൻറ വിഷമത്തിലാണ്. നൂറു കിലോമീറ്ററിന് മുകളിൽ വേഗതയിലാണ് ഇവിടെ കാറ്റടിച്ചത്.
കാറ്റിെൻറ സഞ്ചാരഗതി വിലയിരുത്തി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും ഉറപ്പുകുറഞ്ഞ കെട്ടിടങ്ങളിലും താമസിക്കുന്നവരെയും ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ചിലരുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ താമസ സ്ഥലങ്ങൾ ഏതാണ്ട് പൂർണമായി നശിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്ന് സലാലയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി അബ്ദുൽ ഫത്താഹ് പറഞ്ഞു.
സിവിൽ ഡിഫൻസ് എത്തി പാസ്പോർട്ട് മാത്രമെടുത്ത് ഉറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ പറയുകയായിരുന്നു. ദോഫാറിെൻറ വിവിധയിടങ്ങളിൽ പൈപ്പ്ലൈൻ വഴിയുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
