സലാലയെ വിറപ്പിച്ച് ‘മെകുനു’; മതിലിടിഞ്ഞ് വീണ് ബാലിക മരിച്ചു VIDEO
text_fieldsമസ്കത്ത്: കനത്ത പേമാരിയുടെയും ശക്തമായ കാറ്റിെൻറയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാെൻറ തെക്കൻ ഭാഗമായ ദോഫാർ, അൽ വുസ്ത തീരങ്ങളിൽ ആഞ്ഞടിച്ചു. കാറ്റിലും മഴയിലും െഎൻ സഹൽനൂത്തിൽ മതിലിടിഞ്ഞ് വീണ് 12 വയസുകാരി മരിച്ചു. മിർബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തിൽ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളിൽ കുടുങ്ങിയവരെയും രക്ഷിക്കാൻ സാധിച്ചു. സലാല തുറമുഖത്ത് മൽസ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽ പെട്ട മൂന്ന് പേരെ ആശുപത്രിയിൽ പ്രേവശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വീടിന് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല.
വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റിെൻറ കേന്ദ്രഭാഗം ദോഫാർ തീരത്ത് എത്തിയത്. ഗവർണറേറ്റിലെ റായ്സൂത്തിനും റഖിയൂത്തിനുമിടയിലുള്ള ഭാഗത്തിലൂടെയാണ് കാറ്റ് തീരം കടന്ന് പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടിൽ നിന്ന് ശക്തി കുറഞ്ഞ് ഒന്നിലേക്ക് മാറിയ കാറ്റ് 126 കിലോമീറ്റർ മുതൽ 144 കിലോമീറ്റർ വരെ വേഗത്തിലാണ് തീരത്ത് ആഞ്ഞടിച്ചത്. സുരക്ഷാ വിഭാഗം ഇൗ ഭാഗങ്ങളിലുള്ളവരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. കാറ്റിനെ തുടർന്നുള്ള നാശനഷ്ടങ്ങൾ വരും മണിക്കൂറിലാകും വ്യക്തമാവുക.
ദോഫാർ ഗവർണറേറ്റിലെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് യമെൻറ ഭാഗത്തേക്ക് കാറ്റ് നീങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിലെ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. രാത്രിയോടെ സലാലയടക്കം പ്രദേശങ്ങളിൽ കാറ്റിെൻറ ശക്തി കുറഞ്ഞു. എന്നാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 200 മില്ലീമീറ്റർ മുതൽ 600 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. അതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തെ കരുതിയിരിക്കണമെന്നും സിവിൽ ഡിഫൻസ് ജാഗ്രതാ സന്ദേശത്തിൽ അറിയിച്ചു.
സലാലയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിൽ
മെകുനു ചുഴലിക്കാറ്റ് തീരത്തോട് വളരെ അടുത്തെത്തിയ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് സലാല നഗരത്തിൽ മഴ ശക്തിയാർജിച്ചത്. വൈകുന്നേരത്തോടെ ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലായി. ഇവിടെയെല്ലാം താമസിക്കുന്നവരെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുള്ളിൽ സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. സന്ധ്യയോടെ കാറ്റും മഴയും ശക്തമായതിനെ തുടർന്ന് പ്രധാന റോഡുകളിലും വാദികളിലുമെല്ലാം (കനാൽ) വെള്ളം നിറഞ്ഞു. കടകളിലും വെള്ളം കയറി. ഭൂരിപക്ഷം സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. ലുലു ഹൈപ്പർമാർക്കറ്റിന് സമീപവും ഗർബിയയിലുമുള്ള വാദികളിൽ അപകടകരമായ വിധത്തിൽ വെള്ളം കയറിയതോടെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. തെങ്ങും ഇൗത്തപ്പനകളും കടപുഴകി വീണതും ഗതാതം തടസപ്പെടുത്തി.
രാത്രിയോടെ മഴയുടെയും കാറ്റിെൻറയും ശക്തി വർധിച്ചു. മഴയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങി. സലാലയിലെ വിവിധ പ്രദേശങ്ങളിലും ദാരീസ്, താക്ക, ഹാഫ തുടങ്ങി സമീപ മേഖലകളിലും അർധരാത്രിയോടെ വലിയ അളവിൽ തന്നെ വെള്ളം ഉയർന്നിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങളുടെ ഒന്നും രണ്ടും നിലകൾ വരെ വെള്ളത്തിൽ മുങ്ങി. പൊലീസ് മുന്നറിയിപ്പ് പ്രകാരം ആദ്യ നിലകളിൽ താമസക്കാർ നേരത്തേ മാറിയതിനാൽ അപകടം ഒഴിവായി. നിരവധി വാഹനങ്ങൾ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ട്. തിരമാലകൾ അടിച്ചുകയറിയതിനെ തുടർന്ന് തീരദേശറോഡുകളിൽ ഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ നിരോധിച്ചിരുന്നു. കനത്ത മഴയിൽ സഹൽനൂത്തിലെ അണക്കെട്ട് നിറഞ്ഞിട്ടുണ്ട്.
മലയാളികൾ സുരക്ഷിതർ
ഏതാണ്ട് എൺപതിനായിരത്തിലധികം മലയാളികളാണ് ചുഴലിക്കാറ്റും മഴയും ബാധിച്ച ദോഫാർ ഗവർണറേറ്റിലെ സലാല, സദാ, തുംറൈത്ത്, മിർബാത്ത് പ്രദേശങ്ങളിലും അൽ വുസ്ത ഗവർണറേറ്റിലുമായി ഉള്ളത്. മലയാളി സമൂഹത്തിലെ അംഗങ്ങൾ ആരും അപകടത്തിൽ പെട്ടതായി വിവരമില്ല. സലാലയിൽ കെ.എം.സി.സി, െഎ.എം.െഎ പ്രവർത്തകർ സഹായമെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കാറ്റ് മഴയും ശക്തിയാർജിച്ചതോടെ മലയാളികൾ ബഹുഭൂരിപക്ഷവും വീടുകൾക്ക് ഉള്ളിൽ തന്നെയാണ് കഴിച്ചുകൂട്ടിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒാരോ പ്രദേശത്തെയും സ്ഥിതിഗതികളും മലയാളികൾ മനസിലാക്കി. താഴ്ന്ന നിലകളിൽ താമസിക്കുന്നവർ ഉയർന്ന നിലകളിൽ താമസിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയുമൊക്കെ ഫ്ലാറ്റുകളിലേക്ക് നേരത്തേ മാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
