പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിക്കുന്നു
text_fieldsമസ്കത്ത്: ആരോഗ്യവകുപ്പ് അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിക്കുന്നു. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് എം.എം.ആർ വാക്സിനേഷനായുള്ള (അഞ്ചാംപനി, അഞ്ചാംപനിയുടെ വകഭേദമായ ജർമൻ മീസിൽസ്, മുണ്ടിനീര് എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പ്) ദേശീയ കാമ്പയിൻ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽസൈദി തിങ്കളാഴ്ച രാവിലെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രത്യേകിച്ച് മരുന്നൊന്നും ഇൗ മൂന്നു രോഗങ്ങൾക്കും ലഭ്യമല്ല. വാക്സിനേഷനിലൂടെ രോഗത്തെ പ്രതിരോധിക്കുക മാത്രമാണ് ഏക പോംവഴി. രാജ്യത്ത് താമസക്കാരായ 20നും 35നുമിടയിൽ പ്രായമുള്ളവർ തൊട്ടടുത്ത ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെത്തി കുത്തിവെപ്പിന് വിധേയരാകണം. രണ്ട് ഘട്ടങ്ങളിലായാണ് കാമ്പയിൻ നടക്കുക. ഇൗ മാസം 14 മുതൽ 20 വരെ നടക്കുന്ന ആദ്യഘട്ടം ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിലായാണ് നടക്കുക. രണ്ടാംഘട്ടം മറ്റ് മുഴുവൻ ഗവർണറേറ്റുകളിലുമായും നടക്കും. കൂടുതൽ രോഗബാധകൾ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയം പ്രതിരോധ കുത്തിെവപ്പ് പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞവർഷം 114 രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൗ വർഷം ഇതുവരെ 44 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയൽരാജ്യങ്ങളിൽനിന്നും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടയിടങ്ങളിൽനിന്നും ഒമാനിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതാണ് ഒമാനിൽ രോഗബാധ കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അയൽരാജ്യങ്ങൾക്ക് പുറമെ അമേരിക്കയിലും യൂറോപ്പിലും രോഗബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അഞ്ചാം പനി പകരാനുള്ള സാധ്യതകളെക്കുറിച്ച മന്ത്രാലയത്തിെൻറ പഠനത്തിൽ 20നും 35നുമിടയിൽ പ്രായമുള്ളവർക്ക് രോഗബാധക്കുള്ള സാഹചര്യം കൂടുതലാണെന്ന് കണ്ടെത്തി.
അതിനാലാണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വാക്സിനേഷന് നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാകും കാമ്പയിനിലും ഉപയോഗിക്കുക. ഒരാൾക്ക് ഒരു ഡോസ് വീതമാകും നൽകുക.
കുത്തിവെപ്പ് ലഭ്യമാകുന്ന ഹെൽത്ത് സെൻററുകളുടെയും വാക്സിനേഷൻ സെൻററുകളുടെയും പട്ടിക വൈകാതെ പ്രഖ്യാപിക്കും. പ്രതിരോധ കാമ്പയിൻ സംബന്ധിച്ച ബോധവത്കരണ പരിപാടികൾ ട്വിറ്ററിലൂടെയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
