കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsറാഹിദ്
മസ്കത്ത്: ദുബൈയിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ഈജിപ്തിൽ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്‍റെ അടുത്ത് വന്നതായിരുന്നു.
പിതാവിന്‍റെ സഹോദരീപുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബൈയിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് കസബിൽ നിന്നും ഏതാണ്ട് പത്തു കിലോമീറ്റർ അകലെ ഹറഫിൽ വച്ച് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിൽ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോൾ കസബിലാണ് ഉള്ളത്. മാതാവ്: തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്.
മൃതദേഹം കസബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കസബിൽ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി കസബ് കെ.എം.സി.സി പ്രസിഡന്‍റ് സിദ്ദിഖ് കണ്ണൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

