സ്വകാര്യമേഖലയിൽ അടുത്തവർഷം മുതൽ നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ്
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം നിലവിൽ വരും. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയതായും ജനുവരിയോടെ നടപ്പിൽവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സർവിസസ് കമ്മിറ്റി മേധാവിയും ഒമാൻ ചേംബർ ഒാഫ് േകാമേഴ്സ് അംഗവുമായ റാഷിദ് ബിൻ അമെർ അൽ മുസ്ലഹി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ആനുകൂല്യം ലഭിക്കും വിധമാണ് പദ്ധതി. അന്തിമഘടന പൂർത്തിയായ ശേഷം മന്ത്രാലയത്തിന് സമർപ്പിക്കും. മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചശേഷം കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകുമെന്ന് അൽ മുസ്ലഹി പറഞ്ഞു. നിലവിലെ തൊഴിൽ നിയമത്തിെൻറ ആർട്ടിക്കിൾ 33 ആണ് ഇൻഷുറൻസ് പരിരക്ഷയെകുറിച്ച് പ്രതിപാദിക്കുന്നത്.
വിദേശി തൊഴിലാളികൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിനെ കുറിച്ച് നിർദേശിക്കുന്ന ഇൗ നിയമത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ ചികിത്സ ലഭിക്കുന്നതിനാൽ സ്വദേശികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നത് നിർബന്ധമല്ലെന്നും പറയുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെയും ഇൻഷുറൻസ് കമ്പനികളുെടയും സഹകരണത്തോടെയുള്ള ഏകീകൃത ഇൻഷുറൻസ് പരിരക്ഷയാണ് നടപ്പിൽ വരുത്താൻ ലക്ഷ്യമിടുന്നതെന്ന് റാഷിദ് അൽ മുസ്ലഹി പറഞ്ഞു.
ആരോഗ്യസേവനങ്ങൾ ഏകീകരിക്കാൻ ഇതുവഴി സാധിക്കും. ചില ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം തൊഴിലാളികളെ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെ പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ചർച്ചകൾ നടക്കുകയാണെന്നും അൽ മുസ്ലഹി പറഞ്ഞു.
നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിരവധി ചെറുകിട സ്ഥാപനങ്ങൾ വിദേശി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാത്ത അവസ്ഥയുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും പല കമ്പനികളുടെയും തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം മുടങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്.
സ്വദേശികളെയും വിദേശികളെയും കണക്കിലെടുത്തുള്ള പുതിയ നിയമം കർക്കശമാക്കുന്നതോടെ ഇൗ സാഹചര്യത്തിന് അറുതിവരുമെന്നാണ് പ്രതീക്ഷ. സർക്കാർ ആശുപത്രികളിലെ രോഗികളുടെ തിരക്ക് ഒഴിവാക്കാനും രോഗികൾക്ക് സമയത്തിന് ചികിത്സ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
