ആവേശമായി മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ്
text_fieldsമീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മസ്കത്തിലെ മത്സരത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്: ഭക്ഷണ-പാചക പ്രേമികൾക്ക് ആവേശം പകർന്ന് മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരം അരങ്ങേറി. മത്സരത്തിലേക്ക് വന്ന എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്ത നൂറോളം പേരാണ് മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്റെ ഫൈനൽ പോരാട്ടത്തിൽ അണിനിരന്നത്. സുഹാറിന് ശേഷം മസ്കത്തും സ്റ്റാർ ഷെഫിനെ കണ്ടെത്തി.
മസ്കത്തിലെ റൂവി ലുലുവിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ കണ്ണൂർ സ്വദേശി റൽന മോനിസാണ് മസ്കത്തിലെ സ്റ്റാർഷെഫായത്.
റജീന നിയാസിനാണ് രണ്ടാം സ്ഥാനം. റംഷീദ നഫ്സൽ, ഷിഫ സബീദ് എന്നിവർ മൂന്നാസ്ഥാനം പങ്കിട്ടു. മുഹമ്മദ് റഫീഖിന് പ്രത്യേക പരാമർശവും ലഭിച്ചു. കുട്ടി ഷെഫുമാരെ കണ്ടെത്താനുള്ള ജൂനിയർ ഷെഫ് പോരാട്ടവും ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ഒന്നാം സ്ഥാനം അടിച്ചെടുത്തത് ആദം റാസ് ആണ്.
അദികേഷ് വിപിന് രണ്ടാസ്ഥാനവും അബ്ദുൽ റഹ്മാൻ സിയാദിന് മൂന്നാം സ്ഥാനവും ലഭിച്ചു. കേക്ക് ഡക്കറേഷനിൽ കാണികളെയും ജഡ്ജസിനെയും ഞെട്ടിച്ച് ഒന്നാം സ്ഥാനം കൊണ്ടുപോയത് ഇറാൻ സ്വദേശിയായ അസദേ മലേകി ആണ്. ജിയ സഫീർ രണ്ടാസ്ഥാനവും ദാഹില ബഷീർ മൂന്നാം സ്ഥാനവും നേടി.
ഷെഫ് സുരേഷ് പിള്ള, ജെനിൽ ജേക്കബ്, ഫജീദ ആഷിഖ്, സാമുവൽ മാത്യു എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും എത്തിയവരെ കൊണ്ട് ലുലു റൂവിയിലെ മത്സര വേദി നിറഞ്ഞുകവിഞ്ഞിരുന്നു. കാണികൾക്ക് തത്സമയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
സ്റ്റാർ ഷെഫിലെ ഏറ്റവും ആവേശകരമായ ഇനം സെലിബ്രിറ്റി ഷെഫും മത്സരങ്ങളുടെ പ്രധാന വിധികർത്താവുമായി ഷെഫ് പിള്ളയുടെ ലൈവ് കുക്കിങ്ങായിരുന്നു. നിമിഷ നേരം കൊണ്ടാണ് ഷെഫ് അദ്ദേഹത്തിന്റെ മാസ്റ്റർ റെസിപ്പിയായ പാൽകൊഞ്ച് തയാറാക്കിയത്. ലൈവ് കുക്കിങ് കാണാനും വിഭവം ടേസ്റ്റ് ചെയ്യാനുമായി കാണികൾ തിരക്ക് കൂട്ടി. ഷെഫ് പിള്ളയുടെ ഷെഫ് തിയറ്ററായിരുന്നു പരിപാടിയിലെ മറ്റൊരു ആകർഷണം.
പാചക രംഗത്തെ സംശയങ്ങൾക്ക് ഷെഫ് നൽകിയ രസകരമായ പല മറുപടികളും കാണികളിൽ ചിരി പടർത്തി. മീഡിയവൺ ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സിഎ നാസർ ഷെഫ് തിയറ്ററിന് നേതൃത്വം നൽകി. കാണികൾക്ക് ആവേശം പകർന്ന് കുരുന്നുകളുടെ കിച്ചൻ ഡാൻസും അരങ്ങേറി.
മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, ലുലു റൂവി ജി.എം ഹല്ലാജ് ഹസൻ, ലുലു ഒമാൻ മാർക്കറ്റിങ് ഹെഡ് ഷംസുദ്ദീൻ പട്ടാമ്പി, ഷഫ്നാസ് അനസ്, സ്റ്റാർ ഷെഫ് ജഡ്ജസ് എന്നിവർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ നൽകി.
ഒമാൻ ഒയാസിസ് മാർക്കറ്റിങ് മാനേജർ ഖാലിദ് അഹമദ് അൽ ഹഷാമി, മസൂൺ സെയിൽസ് സൂപ്പർ വൈസർ ഷമീർ കൊടക്കാടൻ, ജി ഗോൾഡ് റീജിയനൽ മാനേജർ ടി.വി. ഷബീർ , മെൽറ്റി കാൻഡി മാനേജിങ് ഡയറക്ടർ റിയാസ് ഹസൻ എന്നിവർക്ക് മീഡിയവണിന്റെ ഉപഹാരങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

