‘മത്തി’ വെള്ളിയാഴ്ച സുഹാറിൽ അരങ്ങേറും
text_fieldsസുഹാർ: ആസ്വാദകർക്ക് വസന്തകാലം തീർത്ത് പ്രവാസമണ്ണിൽ വീണ്ടും ഒരു നാടകംകൂടി അരങ്ങ േറുന്നു. ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘മത്തി’ നാടകം ഫെബ്രുവരി 28ന് രാത്രി ഏഴിന് സുഹാർ അൽ വാദി ഹോട്ടൽ അങ്കണത്തിൽ അരങ്ങിലെത്തും. കരുണ സുഹാർ അവതരണവും ദി ക്രിയേറ്റിവ് ലാബ് മസ്കത്ത് ഏകോപനവും നിർവഹിക്കുന്ന നാടകം ആസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതാകുമെന്ന് സംഘാടകർ പറയുന്നു. മാർച്ച് ഏഴിന് മസ്കത്തിലെ അൽ ഫലാജ് ഹോട്ടലിൽ ക്രിയേറ്റിവ് ലാബിെൻറ നേതൃത്വത്തിലും ‘മത്തി’ നാടകപ്രേമികൾക്കു മുന്നിൽ അരങ്ങേറുന്നുണ്ട്.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അവാർഡുകൾ വാരിക്കൂട്ടിയ നാടകമാണ് മത്തി. സുഹാറിലെ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിലധികം നടീനടന്മാർ ഒന്നര മാസത്തോളമായി കഠിന പരിശീലനത്തിലാണ്. മത്തി റഫീഖും പെങ്ങൾ കുഞ്ഞാമിയും റഫീഖിെൻറ കാമുകി ഷീബയുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. പ്രേമവും വിപ്ലവവും രാഷ്ട്രീയവും സദാചാരവും കുടിയേറ്റവും സംസ്കാരവുമൊക്കെ ഇഴപിരിക്കുന്ന ഇതിവൃത്തമാണ് മത്തിയെന്ന് ജിനോ ജോസഫ് പറയുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്, മഹീന്ദ്ര എക്സലൻസി ഇൻ തിയറ്റർ അവാർഡ് എന്നിവ ‘മത്തി’ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തും അമ്പതോളം വേദികളിൽ നാടകം അരങ്ങേറിയിട്ടുണ്ടെന്ന് സഹസംവിധായകനും ചലച്ചിത്രകാരനുമായ സുധി പാനൂർ പറയുന്നു. പ്രവേശനം സൗജന്യമായിരിക്കും. രണ്ടായിരത്തോളം ആസ്വാദകർ നാടകം കാണാൻ എത്തുമെന്നാണ് കരുതുന്നതെന്ന് കരുണ സുഹാറുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
