മത്ര കേബിൾ കാർ പദ്ധതി; പ്രവർത്തന പുരോഗതി വിലയിരുത്തി
text_fieldsമത്ര കേബിൾ കാർ പദ്ധതിയിൽ ഉൾപ്പെട്ട സ്റ്റേഷന്റെയും അനുബന്ധ സൗകര്യങ്ങളുടെയും
പ്രവൃത്തി പുരോഗമിക്കുന്നു
മസ്കത്ത്: മസ്കത്ത്-മത്ര കേബിൾ കാർ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തി മസ്കറ്റ് ഗവർണറേറ്റ് ഡെവലപ്മെന്റ് ആൻഡ് എൻഹാൻസ്മെന്റ് കമ്മിറ്റി. ചൊവ്വാഴ്ച നേരിട്ട് സന്ദർശിച്ചാണ് പദ്ധതി പുരോഗതി വിലയിരുത്തിയത്. മസ്കത്ത് നഗരത്തിൽനിന്ന് മത്രയെ ബന്ധിപ്പിക്കുന്ന പദ്ധതി വിനോദസഞ്ചാരമേഖലക്ക് പുത്തനുണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ്. ചരിത്രസ്മാരകങ്ങളും മനോഹര കാഴ്ചകളും നിറഞ്ഞ മത്രയെ കേബിൾ കാർ യാത്രയിലൂടെ മുകളിൽനിന്ന് കാണാൻ കഴിയുന്ന വിനോദകേന്ദ്രമാക്കി വികസിപ്പിക്കുക എന്നതാണ് പദ്ധതി.
ടൂറിസം അനുഭവം മെച്ചപ്പെടുത്തൽ, സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കൽ, പ്രവർത്തനപരവും സേവനപരവുമായ കാര്യക്ഷമത മെച്ചപ്പെടുത്തൽ, മത്രയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കുന്ന ആകാശസഞ്ചാരയാത്രയാണ് പ്രധന ആകർഷണം.
മൂന്ന് പ്രധാന സ്റ്റേഷനുകളുടെ നിർമാണമാണ് പദ്ധതിക്ക് കീഴിൽ പുരോഗമിക്കുന്നത്. മത്ര പോർട്ടിനും മത്സ്യ മാർക്കറ്റ് പ്രദേശത്തിനും സമീപമാണ് ആദ്യ സ്റ്റേഷൻ നിർമിക്കുന്നത്. അൽ റിയാം പാർക്കിന് പിന്നിലെ മലമുകളിൽ രണ്ടാം സ്റ്റേഷൻ നിർമിക്കും. ഇവിടെ നിന്ന് 360ഡിഗ്രിയിൽ തീരപ്രദേശ കാഴ്ചകൾ കാണാനാവുമെന്നതാണ് പ്രത്യേകത.
ഹയ് അൽ വാർദ് (ഫ്ലവർ പാർക്ക്) ആണ് മൂന്നാം സ്റ്റേഷനായി വിഭാവനം ചെയ്തിട്ടുള്ളത്. സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള സൗകര്യങ്ങളിൽ ലോകപ്രശസ്ത ബ്രാൻഡ് ഔട്ട്ലറ്റുകൾ, റസ്റ്റോറന്റുകൾ, കുടുംബ വിനോദകേന്ദ്രങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായുള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടും. മലമുകളിലെ സ്റ്റേഷനിൽ ഒരു ഓർക്കിഡ് സെന്ററും കുട്ടികൾക്കായുള്ള റോളർ കോസ്റ്ററും ഉണ്ടായിരിക്കും.
നിർമാണം പുരോഗമിക്കുന്ന മത്ര കേബിൾ കാർ പദ്ധതി പ്രദേശം മസ്കത്ത് ഗവർണറേറ്റ് ഡെവലപ്മെന്റ് ആൻഡ് എൻഹാൻസ്മെന്റ് കമ്മിറ്റി ചൊവ്വാഴ്ച സന്ദർശിച്ചപ്പോൾ
സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത റോപ്പ്വേ നിർമ്മാതാക്കളാണ് പദ്ധതിയടെ രൂപകൽപനയും നിർമാണവും നിർവഹിക്കുന്നത്. മസ്കത്ത്-മത്ര കേബിൾ കാർ സർവീസ് ആരംഭിക്കുമ്പോൾ 18 കാറുകളാണ്ടാവുക. അതിൽ രണ്ട് വി.ഐ.പി കാബിനുകളുമുണ്ടാവും. നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. അടുത്തവർഷത്തന്റെ ആദ്യ പാദത്തിൽ മസ്കത്ത്-മത്ര കേബിൾ കാർ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങൾ സ്ഥാപിച്ചുതുടങ്ങിയിട്ടണ്ട്.
മൂന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പിന്നീട് നിരവധി പദ്ധതികൾ നടപ്പാക്കും. രണ്ടാംഘട്ടത്തിൽ മത്സ്യ മാർക്കറ്റിന് സമീപമുള്ള സബീൻ സ്റ്റേഷനിൽ മനോഹരമായ പൂന്തോട്ടം നിർമിക്കും. ഫ്ലവർ പാർക്കിൽ രണ്ടാം ഘട്ടമായി ഡാൻസിങ് ഫൗണ്ടൻ നിർമിക്കും. പർവതമുകളിലെ സ്റ്റേഷനിൽ സ്വിസ് ഭക്ഷ്യവിഭവങ്ങളുടെ തെരുവ് നിർമിക്കും. സ്വിസ് കമ്പനിയായ ബാർതോലെറ്റാണ് കേബ്ൾ കാറുകൾ രൂപകൽപന ചെയ്യുന്നത്. കമ്പനിക്ക് ആഗോളാടിസ്ഥാനത്തിൽ 300 ലധികം കേബ്ൾ കാർ പദ്ധതികളുണ്ട്. രണ്ട് റൂട്ടുകളിലായാണ് സർവിസുകൾ ഉണ്ടാവുക. മത്സ്യ മാർക്കറ്റിന് സമീപത്തെ സ്റ്റേഷനിൽ നിന്ന് പർവതമുകളിലെ സ്റ്റേഷനിലേക്കായിരിക്കും ആദ്യത്തെ റൂട്ട്.
രണ്ടാമെത്ത റൂട്ട് പർവതമുകളിലെ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫ്ലവർ പാർക്കിൽ അവസാനിക്കും. ഈ രണ്ട് റൂട്ടുകൾക്കും ഇടയിലെ ഇന്റർ ചെയിഞ്ച് സ്റ്റേഷനായിരിക്കും പർവത മുകളിലെ സ്റ്റേഷൻ. പ്രദേശത്ത് ബഹുനില കാർ പാർക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

