ഇ-കോമേഴ്സ് രംഗം ശക്തിപ്പെടുത്താൻ ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നു
text_fieldsമസ്കത്ത്: ഇ-കോമേഴ്സ് രംഗത്തെ പങ്കാളികളായ വിൽപനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെയുള്ളവരെ പിന്തുണക്കാൻ ആരംഭിച്ച ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നു. ഡിജിറ്റൽ വിപണിയെ ക്രമീകരിക്കുകയും ഓൺലൈൻ ഇടപാടുകളിൽ സുതാര്യതയും വിശ്വാസവും ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് പിന്തുണ നൽകുന്ന ദേശീയ സംവിധാനമായാണ് ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
ഇതുവഴി വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുഗമമാക്കുകയും ഡിജിറ്റൽ വ്യാപാര ഇടപാടുകളിലെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയുള്ള ഓൺലൈൻ സ്റ്റോറുകൾ സംബന്ധിച്ച വിവരം ഇതിൽ ലഭ്യമാണ്. വിൽപനക്കാർക്ക് ആവശ്യമായ ലൈസൻസുണ്ടോയെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാനും കഴിയും.
വിൽപനക്കാർക്ക് ഉപഭോക്തൃവിശ്വാസം ഉറപ്പാക്കാനും നിയമാനുസൃത പ്രവർത്തനം സ്ഥിരീകരിക്കാനും വിപുലമായ ഉപഭോക്തൃവിഭാഗത്തിൽ എത്തിപ്പെടാനും പ്ലാറ്റ്ഫോം സഹായകമാണ്. ഉപഭോക്താക്കൾക്ക് ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകളുടെ സ്ഥിരീകരിച്ച പട്ടിക, സ്റ്റോറുകളുടെ വിശദാംശങ്ങൾ, ഉപഭോക്തൃ റേറ്റിങ്ങുകൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതവും ബോധപൂർവവുമായ വാങ്ങൽ തീരുമാനങ്ങൾ എടുക്കാൻ സൗകര്യമൊരുക്കുന്നു.
2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 340 ഓൺലൈൻ സ്റ്റോറുകൾ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്ഫോം ഒമാനിലെ ഇ-കോമേഴ്സ് മേഖലയെ ക്രമപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണെന്ന് മന്ത്രാലയത്തിലെ കോമേഴ്സൽ അഫയേഴ്സ് ആൻഡ് ഇ-കോമേഴ്സ് വിഭാഗം ഡയറക്ടർ അസ്സ ബിൻത് ഇബ്രാഹിം അൽ-കിന്ദി വ്യക്തമാക്കി: വാങ്ങുന്നതിന് മുൻപ് സ്റ്റോറുകളുടെ സ്ഥിരീകരണം ഉറപ്പാക്കാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതിലൂടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഓൺലൈൻ ഷോപ്പിങ് സംസ്കാരം വളർത്താൻ ഇത് സഹായിക്കുന്നുവെന്നും നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികളുടെ വിശ്വാസ്യത ഉയർത്തുന്നതിൽ പ്ലാറ്റ്ഫോം നിർണായകമാണെന്നും അവർ പറഞ്ഞു.
സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് സ്റ്റോറിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഉപഭോക്താക്കളോട് ഡയറക്ടർ ആഹ്വാനം ചെയ്തു. ഓൺലൈൻ വ്യാപാരികളും പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും മത്സര ക്ഷമത കൈവരിക്കുകയും ചെയ്യണമെന്നും അവർ നിർദേശിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി ഉപഭോക്താക്കളെയും വ്യാപാരികളെയും ലക്ഷ്യമിട്ട് ഏകീകൃത ബോധവത്കരണ കാമ്പയിനും നടപ്പാക്കുന്നുണ്ട്.
ഇ-കോമേഴ്സ് മേഖലയെ ക്രമീകരിക്കുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരങ്ങളുടെ വിശ്വാസ്യത ഉയർത്തുക എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രധാന ദേശീയ പദ്ധതികളിലൊന്നാണ് ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്ഫോം എന്നും രാജ്യത്തിന്റെ സമഗ്ര ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുടെയും ദേശീയ സമ്പദ്വ്യവസ്ഥ പിന്തുണയുടെയും ഭാഗമായി പ്രവർത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

