വാദി അൽ മആവിൽ മാർക്കറ്റ് നിർമാണം പുരോഗമിക്കുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന വാദി അൽ മആവിലെ മാർക്കറ്റ്
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റ് വാദി അൽ മആവിൽ വിലായത്തിലെ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 65 ശതമാനം പൂർത്തിയായി. ഏകദേശം 16,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കുന്ന മാർക്കറ്റ് ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസിന്റെ മേൽനോട്ടത്തിൽ 3,19,000 റിയാൽ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്.
മാർക്കറ്റിൽ 27 ഷോപ്പുകൾ, കഫേകൾ, മസ്ജിദ്, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുണ്ടായിരിക്കും. മരങ്ങൾ നട്ടുപിടിപ്പിച്ച പ്രദേശങ്ങൾ, ഒന്നിലധികം ഇരിപ്പിടങ്ങൾ, വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള വിവിധ സേവനങ്ങളെന്നിവയും ഉൾപ്പെടുത്തും. ബർക, നഖൽ തുടങ്ങിയ അയൽ വിലായത്തിൽനിന്നുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന ഒരു സാമ്പത്തിക കേന്ദ്രമായി മാർക്കറ്റ് മാറുമെന്ന് ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സൗദ് ബിൻ സഈദ് അൽ മവാലി പറഞ്ഞു.
എയർ കണ്ടീഷനിങ്ങും മറ്റു ഉപഭോക്തൃ സൗഹൃദ സേവനങ്ങളും ഉൾക്കൊള്ളുന്ന മീൻ മാർക്കറ്റും ഇതിനു സമീപം ഉണ്ടാകും. പഴം, പച്ചക്കറി മാർക്കറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാകും. പുതിയ മാർക്കറ്റിനോട് ചേർന്ന് ഏകദേശം 11,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 'ഫ്രൈഡേ മാർക്കറ്റ്' എന്ന പേരിൽ ഒരു പുതിയ പ്രതിവാര ചന്തയുടെ ഒരുക്കങ്ങളും നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
പുതിയ മാർക്കറ്റ്, ഫ്രൈഡേ മാർക്കറ്റ്, മത്സ്യം, പഴം, പച്ചക്കറി മാർക്കറ്റുകൾ എന്നിവ ഒരു സ്ഥലത്ത് സ്ഥാപിക്കുന്നത് വാദി അൽ മആവിലിന്റെയും സമീപ പ്രദേശങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് അൽ മവാലി പറഞ്ഞു. ഇങ്ങനെ അടുത്തടുത്തായി ഒരുക്കിയത് സന്ദർശകർക്ക് മനോഹരമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾക്കും അവരുടെ ഉൽപന്നങ്ങൾ കൂടുതൽ ഫലപ്രദമായി പ്രദർശിപ്പിക്കാനുള്ള അവസരങ്ങളും സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

