സമുദ്ര മത്സ്യബന്ധന നിയമ ലംഘനം: കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 4,352 കേസുകൾ
text_fieldsപിടിച്ചെടുത്ത ചെമ്മീൻ (ഫയൽ)
മസ്കത്ത്: സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 4,352 കേസുകൾ. കാർഷിക-മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 378 വിദേശികൾ അറസ്റ്റിലാവുകയും ചെയ്തു. മത്സ്യബന്ധന ലൈസൻസിങ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ഭൂരിഭാഗം കേസുകളുമെന്ന് കാർഷിക-മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത്തരത്തിലുള്ള 2,834 കേസുകളാണ് എടുത്തിട്ടുള്ളത്. നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശംവെച്ചതിനും 455 കേസുകളാണ് എടുത്തിട്ടുള്ളത്. 80 കേസുകൾ നിരോധിത മേഖലയിലും സമയങ്ങളിലും മീൻ പിടിച്ചതിനും രജിസ്റ്റർ ചെയ്തു. ലൈസൻസില്ലാതെ മീൻ പിടിച്ചതിന് 266 വിദേശികൾക്കെതിരെയും നടപടിയെടുത്തു. ബോട്ടുകളിലും കപ്പലുകളിലും നമ്പർ പ്ലേറ്റ് സ്ഥാപിക്കാത്തതിന് 373 കേസുകളുമാണെടുത്തിട്ടുള്ളത്.
പത്ത് വാണിജ്യ മത്സ്യബന്ധന ലംഘനങ്ങളും 334 മറ്റ് നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് കാർഷിക-മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. ആകെ 3,225 മത്സ്യബന്ധന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. 45 ബോട്ടുകൾ, 66 എൻജിനുകൾ, 2,345 മത്സ്യബന്ധന വലകൾ, 245 കെണിക്കൂടുകൾ എന്നിവയാണ് പിടിച്ചെടുത്തതിൽപെടുന്നത്. നിരോധിത കാലയളവിൽ പിടികൂടി വ്യാപാരം നടത്തിയ 9,524 കിലോയിലധികം മത്സ്യങ്ങളും മറ്റ് സമുദ്രവിഭവങ്ങളും മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ്, റോയൽ നേവി ഓഫ് ഒമാൻ, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നിരീക്ഷണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതെന്ന് കാർഷിക-മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കുമായി മന്ത്രാലയം ഓട്ടോമാറ്റിക് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫിഷറീസ് കൺട്രോൾ ആൻഡ് ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിൻ താരിഖ് ബിൻ ദാർവിഷ് അൽ അലവി പറഞ്ഞു. വാണിജ്യ, തീരദേശ മത്സ്യബന്ധന യാനങ്ങളുടെ ചലനം നിരീക്ഷിക്കാൻ ഫിഷറീസ് കൺട്രോൾ ഓപറേഷൻസ് റൂം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന നിയമം ലംഘിച്ചതിന് 2020ൽ 4,298 കേസുകളായിരുന്നു എടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

