മസ്കത്ത്: 2020 ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ഒമാനിൽ നടക്കുന്ന മൂന്നാം സാഹസിക മാരത്തണിന് ജനുവരി ആറു മുതൽ അപേക്ഷകൾ സ്വീകരിക്കും. 74 രാജ്യങ്ങളിൽനിന്ന് 2000ത്തിലധികംപേർ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഇൗസ്റ്റിൽ ഒമാനിൽ മാത്രം നടക്കുന്ന സാഹസിക മാരത്തൺ ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഇൗന്തപ്പനത്തോട്ടങ്ങളും മരുപ്പച്ചകളും ഒഴിഞ്ഞ സ്ഥലങ്ങളും ഒറ്റപ്പെട്ട പുരാതന ഗ്രാമങ്ങളും താണ്ടിയാണ് ഒാട്ടമത്സരം. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവതങ്ങളും മത്സരവേദിയാവും.
ഒാട്ടമാരംഭിച്ചതുമുതൽ അവസാനിക്കുന്നതുവരെ ഒമാെൻറ ആതിഥ്യമര്യാദയും പ്രകൃതി സൗന്ദര്യവും നുകരാൻ കഴിയുന്നതായിരിക്കും മാരത്തൺ. മൂന്നു വിഭാഗങ്ങളിലായി (50,100,150 കി.മീറ്റർ) രാപകൽ നീളുന്നതാവും മാരത്തൺ. ബിർകത്തുൽ മൗസ്, അൽ ഹജർ പർവതനിരകൾ, ജബൽ ശംസ്, ജബൽ അഖ്ദർ തുടങ്ങിയ മേഖലകളായിരിക്കും മത്സരത്തിന് വേദിയാവുക.