ജീവിതവഴിയിൽ ഇടറുന്ന കാൽപാദങ്ങളുമായി പഴയകാല മാപ്പിളപ്പാട്ട് ഗായകൻ
text_fieldsസൂർ: ജീവിതവഴിയിൽ പ്രതിസന്ധികൾ ഒരുപിടിയുണ്ടെങ്കിലും മാപ്പിളപ്പാട്ടിനോടുള്ള ഇഷ്ടം കോട്ടക്കൽ അബ്ദുറഹ്മാൻ എന്ന പഴയകാല ഗായകൻ കൈവിടുന്നില്ല. ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ആദ്യമായി പാടാൻ അവസരം ലഭിച്ച വടകര ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ ഇദ്ദേഹം പലവിധ അസുഖങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലുംപെട്ട് വലയുകയാണ്. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരിൽ ഗതകാല സ്മരണകൾ തട്ടിയുണർത്തുന്ന ഒരുപിടി ഗാനങ്ങളാണ് അബ്ദുൽറഹ്മാേൻറതായുള്ളത്. മധുവർണ പൂവല്ലേ ....നറു നിലാ... എന്ന ഗാനം രചിച്ച നാട്ടുകാരനായ എസ്.യു ഉസ്മാൻ അത് ആദ്യമായി പാടിപ്പിച്ചത് അബ്ദുറഹ്മാനെകൊണ്ടായിരുന്നു. അതുപോലെ പി.ടി. അബ്ദുറഹ്മാെൻറ അലിഫ് കൊണ്ട് നാവിൽ മധുപുരട്ടിയോനെ .... എന്ന് തുടങ്ങി നിരവധി ഗാനങ്ങൾ ഇദ്ദേഹമാണ് ആദ്യമായി പാടിയത്. അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞുവരും കാറ്റേ... എന്ന ഗാനത്തിന് സംഗീതവും ശബ്ദവും പകർന്നതും കോട്ടക്കൽ അബ്ദുറഹ്മാനാണ്.
1972 മുതൽ നീണ്ടകാലം ആകാശവാണി കോഴിക്കോട് നിലയത്തിൽ ഭക്തിഗാന വിഭാഗം കൈകാര്യം ചെയ്തു. ഇതോെടാപ്പം, ഗായകരായ വി.എം. കുട്ടി, എം.കുഞ്ഞി മൂസ, വടകര കൃഷ്ണദാസ്, വി.ടി. മുരളി, എരഞ്ഞോളി മൂസ തുടങ്ങിയവർക്ക് ഒപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത വഴിയിൽ പറയത്തക്ക ഗുരുനാഥന്മാരില്ലെങ്കിലും കുട്ടിക്കാലത്ത് ഹോട്ടൽ ജോലിക്കിടെ ബാബുക്കയുടെ സാന്നിധ്യം അനുഭവിക്കാനായത് മഹാഭാഗ്യമായി ഇദ്ദേഹം കരുതുന്നു. ചെറുപ്പകാലത്ത് നാട്ടിൻപുറത്തെ കല്യാണവീടുകളിലും പണം പയറ്റിലുമൊക്കെ ക്ഷണിക്കാതെയും ക്ഷണിച്ചും പോയി പാട്ടുകൾ പാടിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പറയുന്നു. ബഹ്റൈനിലെ 23 വർഷത്തെ പ്രവാസജീവിതത്തിലും സംഗീതലോകത്തും കൂട്ടായ്മകളിലും ഇദ്ദേഹം സജീവമായിരുന്നു.
നീണ്ട പ്രവാസജീവിതത്തിെൻറ ബാക്കിപത്രമായി ശേഷിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളും പ്രമേഹവും കടുത്ത രക്തസമ്മർദവും കിഡ്നി സംബന്ധമായ പ്രശ്നങ്ങളുമാണ്. കുടുംബാംഗത്തിെൻറ ചികിത്സക്ക് വീട് പണയംവെച്ച് ചികിത്സ നടത്തിയതും അതിനൊപ്പം മകളുടെ വിവാഹം നടത്തേണ്ടിവന്നതുമാണ് ഇദ്ദേഹത്തെ സാമ്പത്തികമായി തളർത്തിയത്. ഇതിനിടെ, ബാങ്ക് ജപ്തിഭീഷണി മുഴക്കിയതും ഇദ്ദേഹത്തെ മാസികമായി തളർത്തി. ഇശലിനോടുള്ള ഇഷ്ടവും ഹൃദയത്തിൽ പതിഞ്ഞ നൻമയുമുള്ള പ്രവാസികൾ തനിക്ക് തുണയാകുമെന്ന പ്രതീക്ഷ ഇദ്ദേഹം വെച്ചുപുലർത്തുന്നു. ഇതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലെ തെൻറ ആരാധകരുടെ അടുത്തേക്ക് പരിപാടികൾ തേടി വിമാനം കയറുകയാണ് ഇദ്ദേഹം. സൂറിലെ സംഗീത പ്രേമികൾ കഴിഞ്ഞദിവസം ഇദ്ദേഹത്തിെൻറ ഇശൽസന്ധ്യ നടത്തിയിരുന്നു. മസ്കത്തിലും സമാനരീതിയിൽ ഇശൽസന്ധ്യകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത പ്രേമികൾ. ഉലഞ്ഞുപോയ ജീവിതതന്ത്രികൾ മുറുക്കി പുതിയ ഒരു ഈണവും രാഗവും തേടുന്നതിന് ഇൗ കലാകാരന് നിരവധി പേർ സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
