മസൂൺ ഡയറിയും ദേശീയ യുവജനസമിതിയും പരിശീലന കരാറിൽ ഒപ്പുെവച്ചു
text_fieldsമസ്കത്ത്: തൊഴിൽ മേഖലയിലെ ഒമാനി യുവാക്കളെ സജ്ജരാക്കുന്നതിനും നൂതനമായ പരിശീലനങ്ങളിലൂടെ യോഗ്യത നേടാനുമുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി മസൂൺ ഡയറി കമ്പനി ദേശീയ യുവജന സമിതിയുമായി ഒരു കരാറിൽ ഒപ്പുവെച്ചു. സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനൊപ്പം സമാന്തരമായി ദേശീയ കേഡർമാരെ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളൊരുക്കുന്നതിനായി മസൂൺ ഡയറി അംഗീകരിച്ച ‘ക്വാഡ്രാറ്റ്’ പ്രോഗ്രാമിൽ 20 തൊഴിലന്വേഷകരെ ഉൾപ്പെടുത്തി പരിശീലന പദ്ധതികൾ ആവിഷ്കരിക്കും. മസൂൺ ഡയറി ചീഫ് സപ്പോർട്ട് ഓഫിസർ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഗാഫ്രിയും ദേശീയ യുവജന സമിതി ചെയർമാൻ ഡോ. സാമി ബിൻ അൽ ഖൗരസിയും കരാർ ഒപ്പിട്ടു. കമ്പനിക്കുള്ളിൽ ജോലിചെയ്യാനും ഉദ്യോഗാർഥികളുടെ കഴിവുകൾ വികസിപ്പിക്കാനും തൊഴിൽ കമ്പോളത്തിന് അനുയോജ്യമായ യോഗ്യത നേടാനും ഒമാനിലെ യുവാക്കളെ സജ്ജരാക്കുന്നതിനായി മസൂൺ ഡയറി വ്യത്യസ്ത ട്രാക്കുകൾ സ്വീകരിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഖുദാരത്ത്. സെപ്റ്റംബറിൽ 122 ദേശീയ കേഡർമാരുടെ ആദ്യ ബാച്ചിന് മസൂൺ ഡയറി ബിരുദം നൽകിയിരുന്നു. ഇപ്പോൾ നൂറോളം പേർക്ക് തൊഴിൽ പരിശീലനം നൽകിവരുകയാണ്.
