മനോജ് കുമാറിനെ ബാത്തിന സൗഹൃദവേദി ആദരിച്ചു
text_fieldsസുഹാർ: 19 വർഷം ബദറുൽ സമ ഹോസ്പിറ്റൽ മാനേജർ ആയിരുന്ന കണ്ണൂർ സ്വദേശി മനോജ് കുമാറിന് ബാത്തിന സൗഹൃദ വേദി ആദരിച്ചു. ബാത്തിന മേഖലയിലെ സാമൂഹിക സാംസ്കാരിക കലാ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറഞ്ഞുനിന്ന മനോജ് കുമാർ തന്റെ ആതുര ശുഷ്രൂശ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്.
ബാത്തിന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സുഹാർ മലബാർ പാരീസ് റസ്റ്ററന്റ് ഹാളിൽ നടന്ന പരിപാടിയിൽ പൊതുസമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു. പ്രവാസ ജീവിതത്തിൽ ഒരു മനുഷ്യൻ എങ്ങനെ ആകണം തന്റെ പ്രവർത്തനം എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ ഇടപെടണം എന്ന് കാണിച്ചുതന്ന ഒരു വ്യക്തിത്വവും നല്ല സംഘാടകനും ആയിരുന്നു മനോജ് കുമാറെന്ന് അനുമോദന യോഗത്തിൽ സംസാരിച്ച സുഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകൻ ഡോക്ടർ റോയ് പി. വീട്ടിൽ പറഞ്ഞു.
കരുണയും സഹാനുഭൂതിയുംകൊണ്ട് ഏവരുടെയും മനസ്സിൽ ഇടം നേടിയ മനോജ് കുമാറിന്റെ മടക്കം ബാത്തിന മേഖലക്ക് വരുത്തുന്ന വിടവ് വളരെ വലുതായിരിക്കും എന്ന് മലയാള മിഷൻ പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് മെമ്പർ വിൽസൺ ജോർജ്, ബാത്തിന സൗഹൃദ വേദി കൺവീനർ രാമചന്ദ്രൻ താനൂർ, സെക്രട്ടറി കെ.വി. രാജേഷ് , പ്രസിഡന്റ് തമ്പാൻ തളിപ്പറമ്പ്, മുരളി കൃഷ്ണൻ, വാസുദേവൻ പിട്ടൻ, ഡോക്ടർ ഗിരീഷ് നാവത്ത്, സിറാജ് തലശ്ശേരി, വാസുദേവൻ, ഡോക്ടർ ആസിഫ്, സുനിൽ മാസ്റ്റർ, സജീഷ് ജി ശങ്കർ, ഹസിത, ലിൻസി, ഫറ ഫാത്തിമ എന്നിവർസംസാരിച്ചു.
മനോജിന്റെ ഭാര്യയും മലയാളം മിഷൻ അധ്യാപികയും ആയ ബിന്ദു ടീച്ചർക്കുള്ള മൊമെന്റോ വേദിയിൽ നൽകി. മലയാളി സംഘം യുവജനോത്സവത്തിൽ കലാ തിലകം നേടിയ ദിയ ആർ നായർ കവിതാലാപനം നടത്തി.മനോജിനെ രാമചന്ദ്രൻ താനൂർ പൊന്നാട അണിയിച്ചു. ബാത്തിന സൗഹൃദ വേദിയുടെ സ്നേഹോപഹാരം സുനിൽ കുമാർ കൈമാറി. ബിന്ദു ടീച്ചർക്കുള്ള മൊമെന്റോ രാജേഷ് കെ. വി. ടീച്ചറുടെ അഭാവത്തിൽ മനോജിന് നൽകി. ബാത്തിന സൗഹൃദ വേദി പ്രവർത്തകർ പരിപാടി നിയന്ത്രിച്ചു. നിലവിൽ സുഹാർ മലയാളി സംഘം പ്രസിഡന്റാണ് മനോജ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

