മറക്കരുത് മര്യാദകള്‍...!
text_fieldsവിദ്യാലയങ്ങള്‍ എപ്പോഴും ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന പരീക്ഷണശാലകളാണ്. അക്കാദമിക് ആയവയും അല്ലാത്തവയുമായ നിരവധി മേഖലകളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രമേ കുട്ടികളുടെ ബഹുമുഖമായ പുരോഗതി ഉറപ്പാക്കാനാവൂ.
അങ്ങനെയുള്ള കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്കും ചെറുതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് എല്ലാ രക്ഷിതാക്കളും പ്രവര്‍ത്തിക്കേണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ മസ്കത്തില് ഒരു പ്രത്യേക തരം പ്രതിഷേധം നടന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പോലും ലംഘിച്ചാണ് പ്രതിഷേധക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൃത്യമായി നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉള്ളില്‍ കൂട്ടമായി കടന്നു ചെന്ന്, ഉയര്‍ന്ന ശബ്ദത്തില്‍ ആക്രോശിച്ച് തങ്ങളുടെ മസില് പവര്‍ കാണിച്ചുകൊണ്ടും ഉത്തരവാദപ്പെട്ടവരെ നിശ്ശബ്ദരാക്കിക്കൊണ്ടും നടത്തിയ പ്രവർത്തനങ്ങൾ എന്ത് ലക്ഷ്യം നേടുവാനായിരുന്നുവെന്ന് മനസ്സിലാവുന്നില്ല. എന്ത് തരം വിദ്യാഭ്യാസ നയമാണ് ഇക്കൂട്ടര്‍ പിന്തുടരുന്നത് എന്നും സാമാന്യ യുക്തിയില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.
സ്വന്തം നാട്ടില്‍ നിന്നും അന്യരാജ്യത്തേക്ക് വന്ന് അവിടത്തെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു ജീവിക്കുമ്പോള്‍ ഈ രാജ്യത്തുള്ള നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിരുന്നിട്ടും അനുവാദമില്ലാതെ അകത്തുകടന്നു അധികൃതരെ ശബ്ദം ഉയര്‍ത്തി നിശ്ശബ്ദരാക്കുന്ന നടപടികള്‍ അത്യന്തം ഖേദകരമെന്ന് പറയാതെ വയ്യ.
നാട്ടില്‍ കാണിച്ചുശീലിച്ച ഇത്തരം വേലകള്‍ അവിടെ മാത്രമേ ചെലവാകൂ എന്ന് തിരിച്ചറിവ് ഇവര്‍ക്കില്ലേ? നമ്മള് എത്രമാത്രം ഉന്നതസ്ഥാനവും വിദ്യാഭ്യാസ യോഗ്യതകളും ഉള്ളവരായാലും ഒരു സമൂഹത്തില്‍ പൊതു സ്ഥലത്തു പാലിക്കേണ്ട മിനിമം മര്യാദ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ വരും തലമുറയെ എങ്ങനെ വഴികാണിക്കാനാവും? ഈ നാട്ടില്‍ എല്ലാ മാന്യതകളും മര്യാദകളും ഓരോ കാല്‍വെപ്പിലും പാലിക്കാന്‍ ഏതു പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

