മാംഗോ മാനിയ ഫെസ്റ്റിവലിന് ലുലുവിൽ തുടക്കം
text_fieldsമസ്കത്ത്: മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ 2023ന് തുടക്കമായി. മേയ് 27 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിന്റെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്.
ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. എല്ലാ വർഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, യമൻ, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടമാല, മെക്സികോ, കെനിയ, യുഗാണ്ട, ഒമാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 60ലധികം മാമ്പഴങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ നിരവധി മാമ്പഴവിഭവങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.
മാംഗോ പ്രിസർവ്സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും. വിദേശപഴം ഇഷ്ടപ്പെടുന്നവർക്കായി മാംഗോ മാനിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. മാമ്പഴങ്ങളുടെ മികച്ച ഇനങ്ങൾ ആസ്വദിക്കാൻ ഷോപ്പർമാർക്ക് ഇത് നല്ല അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

