Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ വടക്കൻ...

ഒമാനിലെ വടക്കൻ ബാത്തിനയിൽ മാമ്പഴ മഹോത്സവത്തിന് തുടക്കം

text_fields
bookmark_border
ഒമാനിലെ വടക്കൻ ബാത്തിനയിൽ മാമ്പഴ മഹോത്സവത്തിന്  തുടക്കം
cancel

സുഹാർ: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ മാമ്പഴ മഹോൽസവത്തിന് തുടക്കമായി. ‘മാംഗോ എക്സ്ട്രാവാഗൻസ 2026’ എന്ന തലക്കെട്ടിൽ മൂന്നുദിവസം നീളുന്ന ഈ മേള സുഹാർ വാലി ഓഫിസും വടക്കൻ ബാത്തിനയിലെ അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്‌സ് ഡയറക്ടറേറ്റ് ജനറലും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള നിരവധി കർഷകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് സുലൈമാൻ അൽ കിന്ദിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു മഹോത്സവത്തിന്റെ ഉദ്ഘാടനം. കാർഷിക മേഖലയെ പിന്തുണക്കുക, ഒമാനി മാമ്പഴങ്ങളുടെ പദവി ഉയർത്തുക, ഗവർണറേറ്റിലെ കാർഷിക ഉൽപാദനത്തിന്റെ ഗുണനിലവാരവും വൈവിധ്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് സുഹാർ വാലി ഷെയ്ഖ് സൗദ് മുഹമ്മദ് അൽ ഹിനായി വ്യക്തമാക്കി. കർഷകർക്കും ഉൽപാദകരായ കുടുംബങ്ങൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനും പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറേറ്റിലെ കാർഷിക സാധ്യതകളെ വെളിച്ചത്തു കൊണ്ടുവരുന്ന പ്രമുഖ കാർഷിക പരിപാടികളിലൊന്നാണിത്. കർഷകരുടെയും ഉൽപാദകരുടെയും വിപുലമായ പങ്കാളിത്തം പ്രകടമായ മേളയിൽ വിവിധയിനം ഒമാനി മാമ്പഴങ്ങളും അവയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്നതിനായി 45 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മാമ്പഴങ്ങൾക്ക് പുറമെ പുതിയ ഈത്തപ്പഴങ്ങൾ, മുന്തിരി, വാഴപ്പഴം, അത്തിപ്പഴം, നാരങ്ങ തുടങ്ങിയ മറ്റ് കാർഷിക വിളകളും ഇവിടെ ലഭ്യമാണ്. മാവുകളുടെ പരിചരണത്തിനും പൊതുവായ കൃഷിക്കുമുള്ള ഉൽപന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

കാർഷിക മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നയിക്കുന്ന വിവിധ ശാസ്ത്രീയ ബോധവൽകരണ പരിപാടികളും പ്രബന്ധ അവതരണങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഫലവൃക്ഷ തൈകളുടെ ഉൽപാദനവും അവയുടെ വികസന രീതികളും കൃഷിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും വിവിധയിനം മാമ്പഴങ്ങളുടെ സവിശേഷതകളും ഇതിൽ ചർച്ച ചെയ്യപ്പെടും. ഇതിനുപുറമെ, വടക്കൻ ബാത്തിനയിലെ കർഷകരുടെ വിജയഗാഥകളും അനുഭവങ്ങളും മേളയിൽ സന്ദർകരുമായി പങ്കുവെക്കുന്നുമുണ്ട്. മാമ്പഴം, അത്തിപ്പഴം എന്നിവ വിജയകരമായി കൃഷി ചെയ്ത കർഷകരുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് അറിവ് പങ്കുവെക്കാനും ആധുനിക കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രേരിപ്പിക്കാനും സഹായകരമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango festivalOmanTourism News
News Summary - Mango Festival Begins in North Al Batinah, Oman
Next Story