ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമര പദ്ധതിയിൽ മലയാളി തിളക്കം
text_fieldsപദ്ധതിക്ക് ചുക്കാൻ പിടിച്ച മലയാളികളായ സുനിൽ സത്യൻ, അനസ് അബ്ദുസലാം, റബി
മസ്കത്ത്: കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ച ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമര പദ്ധതിക്ക് പിന്നിൽ മലയാളി കയ്യൊപ്പും. അൽ ഖുവൈർ സ്ക്വയർ പദ്ധതി നടപ്പാക്കിയ പസിഫിക്ക് ബ്ലൂ എൻജിനിയറിങ് കമ്പനിയുടെ പ്രൊജക്റ്റ് ഹെഡ് കൊല്ലം സ്വദേശി അനസ് അബ്ദുസലാം, പ്രോജക്റ്റ് മാനേജർ പത്തനംതിട്ട സ്വദേശി സുനിൽ സത്യൻ, കമ്പനിയുടെ ഒമാൻ ഡയറക്ടർ മലപ്പുറം സ്വദേശി റബി എന്നിങ്ങനെ വിവിധ തലങ്ങളിലായി ഭൂരിഭാഗം ഏരിയകളിലും മലയാളികളായിരുന്നു ഉണ്ടായിരുന്നത്.
അൽഖുവൈർ സ്ക്വയർ പദ്ധതിക്ക് നേതൃത്വം നൽകിയ സംഘം
ഇത്തരം വലിയ ഒരു പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തീർച്ചയായും അഭിമാനമുണ്ടെന്ന് അനസ് അബ്ദുസലാം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു പദ്ധതി. എങ്കിലും അതിനെ എല്ലാം മറികടന്ന് വിജയത്തിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഏകദേശം ഒന്നര വർഷത്തോളമെടുത്താണ് അൽഖുവൈർ സ്ക്വയർ പദ്ധതി പൂർത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽതന്നെ കൊടിമരത്തിന്റെ നിർമാണം കഴിഞ്ഞിരുന്നു. പാർക്കിന്റെ നിർമാണങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതും നിലവിൽ അവസാന ഘട്ടത്തിലാണ്.
കൊടിമരത്തിന്റെ അടിത്തറ ഉറപ്പിക്കുന്നതിനായി ഒരുമീറ്റർ വ്യാസവും 14 മീറ്റർ ആഴത്തിലുമുള്ള പൈലിങ്ങുകളും നടത്തിയിട്ടുണ്ടെന്ന് അനസ് അബ്ദുസലാം പറഞ്ഞു. അറ്റകുറ്റ പണികൾ നടത്താനായി കൊടിമരത്തിന്റെ ഉള്ളിൽ ഒരുകോണി സ്ഥാപിച്ചിട്ടുണ്ട്. ഒന്നിടവിട്ട ഇടവേളകളിൽ അറ്റകുറ്റപണികൾ നടത്തും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഉണ്ട്. പകലിൽ വെള്ള നിറത്തിലും രാത്രിയിൽ ചുവപ്പിലുമായിരിക്കും മുന്നറിയിപ്പ് ലൈറ്റുകൾ പ്രകാശിക്കുക. പതാകയിൽ ഒമാന്റെ രാജകിയ ചിഹ്നങ്ങൾ ചേർക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. പ്രിന്റ് ചെയ്തു പിടിപ്പിക്കുന്നതിന് പകരമായി വളരെ സൂക്ഷ്മതയോടെ തുന്നിച്ചേർത്താണ് ഇവ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ ആൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലും മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഹുമൈദിയുടെ സാന്നിധ്യത്തിലുമായി കഴിഞ്ഞ ദിവസമാണ് അൽഖുവൈറിലുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം നടന്നത്. മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിൽ പുതുതായി വികസിപ്പിച്ച അൽ ഖുവൈർ സ്ക്വയറിന്റെ ഭാഗമായാണ് കൊടിമരം ഒരുക്കിയത്.
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അൽഖുവൈറിലെ കൊടിമരം
ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രകടനമായ ഈ കൊടിമരത്തിന് മുകളിലുള്ള ഒമാനി പതാക ഇപ്പോൾ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാൻ കഴിയും. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയാണ്. 135 ടൺ ഉരുക്ക് കൊണ്ട് നിർമിച്ച ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്. ജിൻഡാൽ ഷദീദുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി കൊടിമരം നിർമിച്ചിത്.
ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നൽകിയത്. 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അൽ ഖുവൈർ സ്ക്വയറിലെ കൊടിമരം നിലകൊള്ളും. കൊടിമരത്തിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

