മസ്കത്ത്: തലചായ്ക്കാൻ ഇടമില്ലാതെയും ഭക്ഷണത്തിന് വകയില്ലാതെയും ഏഴു മലയാളികൾ പ്രയാസത്തിൽ. ഇടുക്കി തൊടുപുഴ സ്വദേശി ജിജു, കട്ടപ്പന നെടുങ്കണ്ടം സ്വദേശികളായ സുരേഷ് ബാബു, വിജു വിജയൻ, വണ്ടൻമേട് സ്വദേശി ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ രതീഷ്, അനിൽകുമാർ, അരുൺ എന്നിവരാണ് റുസ്താഖിൽ പ്രയാസപ്പെടുന്നത്. നിർമാണ കമ്പനിയിലെ ഇലക്ട്രീഷ്യൻ, കാർപെൻറർ, മേസൺ തുടങ്ങിയ തസ്തികകളിലെ ജോലിക്കായി ആറുമുതൽ ഒമ്പതു മാസം വരെ മുമ്പാണ് ഇവർ ഒമാനിലെത്തിയത്.
വേതനം ലഭിക്കാത്തതിനെ തുടർന്ന് ജൂൺ 25ന് ഇവർ ലേബർ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് താമസ സ്ഥലത്തുനിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ഇവർ പറയുന്നു. ശേഷം, പരിചയക്കാരുടെയും നാട്ടുകാരുടെയും മുറികളിൽ കുറഞ്ഞ സൗകര്യത്തിലാണ് ഇവർ അന്തിയുറങ്ങുന്നത്. ഇവരുടെ കാരുണ്യത്തിലാണ് ഭക്ഷണവും. ഇത് രണ്ടും ഏതു നിമിഷവും നിലക്കാവുന്ന അവസ്ഥയിലാണെന്നും ഇവർ പറയുന്നു. കോട്ടയം സ്വദേശിയാണ് അമ്പതിനായിരം രൂപ വീതം വാങ്ങി ഇവർക്ക് വിസ നൽകിയത്. മൂന്നുമാസം മാത്രമാണ് ശമ്പളം കിട്ടിയതെന്ന് ഇടുക്കി തൊടുപുഴ സ്വദേശി ജിജു പറഞ്ഞു. നാട്ടിൽ വെച്ച് പറഞ്ഞയത്രയും ശമ്പളം ലഭിച്ചതുമില്ല. ആറുമാസം മുമ്പ് ഇതും നിലച്ചു.
പിന്നീട് ചെലവിനുള്ള പണം മാത്രമാണ് ലഭിച്ചിരുന്നത്. ജൂണിൽ ഇതും നിലച്ചതായും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതിരുന്നതിനെ തുടർന്നാണ് എംബസിയിലും ലേബർ കോടതിയിലും പരാതി നൽകിയതെന്നും ജിജു പറഞ്ഞു. എങ്ങനെയും നാട്ടിൽ പോയാൽ മതിയെന്നാണ് ഇവരുടെ എല്ലാവരുടെയും ആഗ്രഹം.