മലയാള വിഭാഗം ഇൻറർ സ്കൂൾ ക്വിസ്: സലാല ഇന്ത്യൻ സ്കൂൾ ജേതാക്കൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സംഘടിപ്പിച്ച എം.ക്യു ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ സലാല ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഗ്രാൻഡ്ഫിനാലെയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ അഭിനവ് സുനിൽ പ്രസാദ്, സൈന ഫാത്തിമ എന്നിവരാണ് ജേതാക്കളായത്. സീനിയർ വിഭാഗത്തിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ജോൺ വാൾട്ടർ ഫുർടാഡോ രണ്ടാമതും ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ വരുൺ എസ് നായർ മൂന്നാമതുമെത്തി.
ജൂനിയർ വിഭാഗത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ യുവരാജ് മുഖർജിയാണ് രണ്ടാം സ്ഥാനത്ത്. നന്ദന കമല മേനോൻ മൂന്നാം സ്ഥാനത്തുമെത്തി.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം 25 വാർഷികത്തിനും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിെൻറയും ഭാഗമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഹാല ജമാൽ ആയിരുന്നു ക്വിസ് മാസ്റ്റർ.
പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന മത്സരത്തിെൻറ പ്രാഥമിക റൗണ്ടിൽ ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലെ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആറു പേർ വീതം ഫൈനലിൽ പങ്കെടുത്തു. ജേതാക്കൾക്കുള്ള ട്രോഫിയും മറ്റ് സമ്മാനങ്ങളും മലയാള വിഭാഗം നടത്തുന്ന പരിപാടിയിൽ നൽകുമെന്ന് കൺവീനർ പി ശ്രീകുമാർ അറിയിച്ചു.
ഇന്ത്യൻ അംബാസഡർ മുനു മഹാവർ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോക്ടർ സതീഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ശിവകുമാർ മാണിക്യം, മലയാളം വിഭാഗം കൺവീനർ പി ശ്രീകുമാർ, കോ-കൺവീനർ ശ്രീമതി ലേഖ വിനോദ്, ബാല വിഭാഗം സെക്രട്ടറി ടീന ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

