മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം: ഫൈനലിലേക്ക് ഒമാനിൽനിന്ന് മൂന്നുപേർ
text_fieldsസയൻ സന്ദേശ്, ദിയ ആർ. നായർ , പല്ലവി അഭിലാഷ്
മസ്കത്ത്: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി 2023 വാർഷിക കാവ്യാലാപന മത്സരത്തിന്റെ ഫൈനൽ മത്സരത്തിലേക്ക് ഒമാൻ ചാപ്ടറിൽനിന്ന് മൂന്നു വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേശ്, ദിയ ആർ നായർ (ഇരുവരും സുഹാർ മേഖല), ജൂനിയർ വിഭാഗത്തിൽ പല്ലവി അഭിലാഷ് (സൂർ മേഖല) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ 30നാണ് സെലക്ഷൻ മത്സരം നടന്നത്. മത്സരാർഥികളുടെ ബാഹുല്യം, വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വിഡിയോ റെക്കോഡ് ചെയ്തയക്കുന്ന രീതിയിലായിരുന്നു മത്സരം.
മലയാളം മിഷന്റെ വിവിധ ചാപ്ടറുകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ 200 കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ വിഭാഗത്തിൽ 86, ജൂനിയർ വിഭാഗത്തിൽ 77, സീനിയർ വിഭാഗത്തിൽ 37 പേരുമായിരുന്നു പങ്കെടുത്തത്. ഓരോ വിഭാഗത്തിൽനിന്നും പത്തുപേരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്. മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാണ്മ 2024നോടനുബന്ധിച്ചാണ് ഗ്രാൻഡ് ഫിനാലെ നടത്തപ്പെടുക. മലയാളം മിഷൻ ഭരണസമിതി അംഗവും മലയാളത്തിന്റെ പ്രിയ കവയിത്രിയുമായിരുന്ന സുഗതകുമാരിക്ക് ആദരമായി വർഷംതോറും മിഷൻ നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഓരോവർഷവും വ്യത്യസ്ത കവികളുടെ കവിതകളാണ് കുട്ടികൾക്ക് ആലപിക്കാനായി തിരഞ്ഞെടുക്കാവുന്നത്. കാച്ചിക്കുറുക്കിയ കവിതകളുടെ വക്താവായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകളാണ് ഇത്തവണ കുട്ടികൾക്ക് ആലപിക്കേണ്ടിയിരുന്നത്.

