മലയാളം മിഷൻ ‘സുഗതാഞ്ജലി’ അരങ്ങേറി
text_fieldsസുഹാർ: മലയാളം മിഷൻ സുഹാർ മേഖലാ പഠനകേന്ദ്രം മലയാളം മിഷനിലെ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. സുഹാർ ലുലു ഹൈപർ മാർക്കറ്റ് ഹാളിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം ‘സുഗതാഞ്ജലി’ എന്ന പരിപാടിയും വൈലോപ്പിള്ളി ശ്രീധര മേനോന്റെ കവിതപാരായണ മത്സരവും സംഘടിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് മികച്ച വിജയം കരസ്ഥമാക്കിയ മലയാളം മിഷൻ സുഹാർ മേഖലാ പഠനകേന്ദ്രത്തിലെ കുട്ടികളെ വേദിയിൽ അനുമോദിച്ചു. സാംസ്കാരിക സമ്മേളനം വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു. മുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി ചെയർമാൻ ഡോ. ജെ. രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.
മനോജ് ബദർ അൽസമ, അനു ചന്ദ്രൻ, രാമചന്ദ്രൻ താനൂർ, രാജേഷ്, ഷബീർ മാസ്റ്റർ, റെജി വർഗീസ്, ലിൻസി സുഭാഷ് എന്നിവർ സംസാരിച്ചു. പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ട്, കഥപറച്ചിൽ, കവിത പാരായണം, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ് ഡാൻസ് എന്നിവയും അരങ്ങേറി. കളറിങ്, ചിത്രരചന മത്സരം എന്നിവയിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായി.
‘മലയാളച്ചമയം’ എന്നപേരിൽ നാല് വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ മലയാളത്തനിമയുള്ള ഫാഷൻ പരേഡ് കാണികളിൽ കൗതുകം തീർത്തു. ബാത്തിന മേഖല മുഴുവൻ മലയാളം മിഷൻ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചു. അതിനുള്ള ഭാരവാഹി പ്രഖ്യാപനവും വേദിയിൽ നടന്നു. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മലയാളം മിഷൻ സുഹാർ മേഖല കോഓഡിനേറ്റർ വിൻസെന്റ് സന്തോഷിനും ഭാര്യയും പഠനകേന്ദ്രം അധ്യാപികയുമായ ലീല ടീച്ചർക്കും യാത്രയയപ്പും നൽകി. സജീഷ് ജി. ശങ്കർ തകഴി സ്വാഗതവും തമ്പാൻ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

