മലയാളം മിഷൻ ഒമാൻ ’സുഗതാഞ്ജലി’ ഫൈനൽ ഒമ്പതിന്
text_fieldsമസ്‌കത്ത്: മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർതല ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. മേഖല മത്സരങ്ങളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനലിൽ പങ്കെടുക്കുന്നത്. റൂവി സി.ബി.ഡിയിലുള്ള ടാലന്റ് സ്പേസ് ഹാളിൽ രാവിലെ പത്തിന് മത്സരങ്ങൾ തുടങ്ങും.
പ്രിയ കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം മലയാളം മിഷൻ എല്ലാ വർഷവും നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻറെ കവിതകളാണ് ഉൾപ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നുള്ള കുട്ടികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഓരോ ചാപ്റ്ററിൽനിന്നും ആദ്യ മൂന്നു സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികളെ നാട്ടിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും.
മലയാളം മിഷൻ ഒമാൻ പരിധിയിലുള്ള മേഖല മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിച്ച 40ഓളം കുട്ടികളാണ് ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് സംഘടകസമിതി അറിയിച്ചു.

