മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
text_fieldsകെ.കെ. സുനിൽ കുമാർ (പ്രസി), അനുചന്ദ്രൻ (സെക്ര), ശ്രീകുമാർ (ട്രഷ)
മസ്കത്ത്: ഒമാനിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മലയാളം മിഷന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മസ്കത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഭാരവാഹികളെ ഉപദേശകസമിതി, പ്രവർത്തകസമിതി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഉപദേശകസമിതിയിലേക്ക് ഡോ. ജെ. രത്നകുമാർ, അഹമ്മദ് റയീസ്, വിൽസൺ ജോർജ്, ഷാജി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ കുനിമ്മൽ എന്നീ അഞ്ചുപേരാണുള്ളത്.
ഡോ. ജെ. രത്നകുമാർ ചെയർമാനായ ഇരുപതംഗ പ്രവർത്തകസമിതിയുടെ പ്രസിഡന്റായി കെ.കെ. സുനിൽ കുമാർ, സെക്രട്ടറിയായി അനുചന്ദ്രൻ, ജോയൻറ് സെക്രട്ടറിമാരായി രാജീവ് മഹാദേവൻ, അനുപമ എന്നിവരും ട്രഷററായി മലയാളം വിങ് കൺവീനർ ശ്രീകുമാറിനെയുമാണ് തിരഞ്ഞെടുത്തത്. നിലവിൽ ഓൺലൈനിലും ഓഫ് ലൈനിലുമായി അഞ്ഞൂറോളം കുട്ടികൾ മലയാളം മിഷന്റെ കീഴിൽ ഒമാനിൽ പഠിക്കുന്നുണ്ട്. വിവിധ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ഭാഷ എന്ന ഒരു വികാരം മാത്രം ഉൾക്കൊണ്ടുകൊണ്ടാണ് പുനഃസംഘടന എന്നും ഡയറക്ടർ കൂട്ടിച്ചേർത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് മലയാളം മിഷൻ ക്ലബുകൾ രൂപവത്കരിക്കുക എന്നൊരു പ്രവർത്തനം കൂടി മിഷൻ ആരംഭിച്ചിട്ടുണ്ട്.
പ്രവാസലോകത്ത് നൂറ് ശതമാനം മലയാള ഭാഷാ സാക്ഷരത എന്ന ലക്ഷ്യമാണ് മലയാളം മിഷനുള്ളത്. അതിനായുള്ള പ്രവർത്തനങ്ങൾ മലയാളം മിഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യം നേടുന്നതിനായി ഒമാനിലെ മുഴുവൻ മലയാളിസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ ചീഫ് കോഓഡിനേറ്റർ സന്തോഷ് കുമാർ, മുൻ ചീഫ് കോഓഡിനേറ്റർ വിൽസൺ ജോർജ്, ഡോ. ജെ. രത്നകുമാർ, കെ.കെ. സുനിൽകുമാർ, അനുചന്ദ്രൻ, മറ്റ് കമ്മിറ്റി അംഗങ്ങളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

