ഈ വർഷം പ്രധാന റോഡ് പദ്ധതികൾ ആരംഭിക്കും
text_fieldsആദം-ഹൈമ-തുംറൈത്ത് റോഡ്
മസ്കത്ത്: രാജ്യത്തിന്റെ ഗതാഗത ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി, ഗതാഗത മന്ത്രാലയം നടപ്പാക്കി വരുന്ന നിരവധി പ്രധാന റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ വർഷം ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നതായി അധികൃതർ അറിയിച്ചു.
പൂർത്തീകരണ ഘട്ടത്തിലേക്ക് നീങ്ങുന്ന പ്രധാന പദ്ധതികളിൽ, ദോഫാർ ഗവർണറേറ്റിലെ അൽ ഫാറൂഖ് റോഡിന്റെ ഇരട്ടിപ്പിക്കൽ പ്രവൃത്തി, മക്ഷിൻ വിലായത്തിലെ റോഡ് പ്രവൃത്തികൾ, തെക്കൻ ശർഖിയ്യയിലെ അൽ കാമിൽ-അൽ വാഫി പ്രദേശങ്ങളെ സൂറുമായി ബന്ധിപ്പിക്കുന്ന സുൽത്താൻ തുർക്കി ബിൻ സഈദ് റോഡിന്റെ പൂർത്തീകരണം, വാദി ബനി ഖാലിദിലെ അഖബത്ത് റോഡ് നിർമാണം എന്നിവ ഉൾപ്പെടുന്നു.
ഇതുകൂടാതെ, ഹർവീബ്-അൽ മസൂന-മൈതിൻ റോഡ്, അൽ മുഗ്സൈൽ റോഡും പാലവും ഉൾക്കൊള്ളുന്ന പദ്ധതി, ദോഫാറിലെ സൈഹുൽ ഖൈറാത്ത്-അൽ ഷിസർ റോഡ് എന്നിവയും പ്രധാന വികസന പ്രവർത്തനങ്ങളായി മുന്നേറുകയാണ്.
നിലവിൽ മന്ത്രാലയം നടപ്പാക്കി വരുന്ന റോഡ് പദ്ധതികളുടെ മൊത്തം മൂല്യം ഏകദേശം 1.2 ബില്യൺ ഒമാനി റിയാൽ വരമെന്നത് ദേശീയ റോഡ് ശൃംഖല നവീകരണത്തിനായി രാജ്യത്ത് നടക്കുന്ന വൻ നിക്ഷേപങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിൽ സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് (ദിബ്ബ-ലിമ-ഖസബ്), സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് (ആദം-ഹൈമ-തുംറൈത്), ഈസ്റ്റേൺ എക്സ്പ്രസ്വേ (സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ്), അൽ ബതിനാ കോസ്റ്റൽ റോഡ് (സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ്), ഇസ്കി-ഫിർഖ് റോഡ് ഇരട്ടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. മസ്കത്തിലെ അൽ മൗജ് സ്ട്രീറ്റ്, 18 നവംബർ സ്ട്രീറ്റ് വികസന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഈ പദ്ധതികൾ നഗരങ്ങൾ, തുറമുഖങ്ങൾ, ഉത്പാദന മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ഗതാഗത കാര്യക്ഷമത വർധിപ്പിക്കാനും, വാണിജ്യ നീക്കങ്ങളുടെ സമയവും ചെലവും കുറയ്ക്കാനും, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകാനും നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം, വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ചെറുകിട -ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുക, പ്രാദേശിക ഉൽപന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയിലൂടെ ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റം ഈ റോഡ് വികസനങ്ങൾ വഴി ശക്തിപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

