ഒമാനിൽ നിയമ മേഖലയിൽ പരിഷ്‍കാരം; വിദേശികൾക്ക് ലീഗൽ കൺസൾട്ടന്റുമാരായി ജോലി തുടരാം
text_fieldsമസ്കത്ത്: ഒമാനിലെ നിയമ മേഖലയിൽ വരുത്തിയ വൻ പരിഷ്‍കാരം ഏപ്രിൽ മൂന്നു മുതൽ നടപ്പാവും. പ്രവാസികൾക്ക് ലീഗൽ കൺസൾട്ടന്റുമാരായി ജോലി തുടരാൻ അനുവദിക്കുന്നതാണ് പുതിയ പരിഷ്‍കാരം. നിയമ മേഖലയിൽ അഭിഭാഷകരെയും ലീഗൽ കൺസൽട്ടന്റുമാരെയും പ്രത്യേകം വിഭാഗപ്പെടുത്തുന്ന 2024 ഒക്ടോബറിലെ റോയൽ ഉത്തരവ് (41/2024) പ്രകാരമാണ് നടപടി.
നിയമനങ്ങളിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പുതിയ നിയമപ്രകാരം,കോടതികളിൽ വാദിക്കുന്നതിനും ഹാജരാകുന്നതിനും ഒമാനി പൗരന്മാരായ അഭിഭാഷകർക്ക് മാത്രമേ അനുവാദം നൽകുന്നുള്ളൂ. എന്നാൽ, പ്രവാസികൾക്ക് ലീഗൽ കൺസൾട്ടന്റുമാരായി ജോലി ചെയ്യാൻ തടസ്സമുണ്ടാകില്ല.
നിലവിലുള്ള നിയമ സ്ഥാപനങ്ങളും കൺസൾട്ടന്റുമാരും തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി അനുവദിച്ചിരുന്ന ഒരു വർഷത്തെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. ഏപ്രിൽ മൂന്നു മുതൽ പരിഷ്‍കരിച്ച നിയമം നടപ്പാക്കും. ലീഗൽ ഫേമുകളുടെ രജിസ്ട്രേഷൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽനിന്ന് നീതിന്യായ-നിയമകാര്യ മന്ത്രാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശ നിയമ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഇനി ബന്ധപ്പെട്ട അതോറിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
നിലവിൽ വിദേശ പങ്കാളികളുള്ള സിവിൽ ലോ സ്ഥാപനങ്ങൾക്ക് നിയമം നടപ്പാക്കുന്ന തീയതി മുതൽ മൂന്ന് വർഷം കൂടി പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ ഈ കാലയളവിൽ വിദേശികൾക്ക് ഓഹരി കൈമാറ്റം ചെയ്യാനോ ഉടമസ്ഥാവകാശം നൽകാനോ പാടില്ല. ഒമാനിൽ കൺസൾട്ടൻസി ഓഫിസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിയമ സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും മൂന്ന് രാജ്യങ്ങളിലെങ്കിലും ശാഖകളും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

