‘മാഫ്’ അന്തർദേശീയ ഫുട്ബാൾ ലീഗ് മത്സരം സമാപിച്ചു
text_fieldsമാഫ് അന്തർ ദേശീയ ഫുട്ബാൾ ലീഗ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽനിന്ന്
മസ്കത്ത്: മദീനത് അൽ ഫഖാമാ (മാഫ്) എവർ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള അന്തർദേശീയ ഫുട്ബാൾ ലീഗ് മത്സരം 2023 സമാപിച്ചു. ടൂർണമെന്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യാതിഥിയും ശൂറ കൗൺസിൽ അംഗവുമായ ശൈഖ് നജീബ് അൽ സദ്ജാലി നിർവഹിച്ചു.
വാദികബീർ മസ്കത്ത് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒമാൻ, ഇന്ത്യ, സുഡാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അണ്ടർ 15, അണ്ടർ 13, അണ്ടർ 10, വെറ്ററൻസ് എന്നീ വിഭാഗങ്ങളിലായിരുന്നു കളി. അണ്ടർ 15, അണ്ടർ 13 കാറ്റഗറികളിൽ മസ്കത്ത് ക്ലബ് ജേതാക്കളും സോക്കർ വേൾഡ് അക്കാദമി സലാല റണ്ണർഅപ്പുമായി, അണ്ടർ 10 കാറ്റഗറിയിൽ പ്രോസോൺ ചമ്പ്യന്മാരായി. ഇന്ത്യൻ സ്കൂൾ വാദികബീറാണ് റണ്ണർഅപ്പ്.
വെറ്ററൻസ് കാറ്റഗറി മത്സരങ്ങളിൽ കണ്ണൂർ ബ്രോസ് വിജയികളായി. ഗോവ യുനൈറ്റഡിനാണ് രണ്ടാം സ്ഥാനം. എല്ലാ വിഭാഗങ്ങളിലും മികച്ച ഗോൾ കീപ്പർ, ഡിഫെൻഡർ, ടോപ്പ് സ്കോറർ എന്നിവർക്ക് ട്രോഫികളും നൽകി. പെൺകുട്ടികളുടെ സൗഹൃദ മത്സരവും കാണികളിൽ ആവേശമുണർത്തി.
മാഫ് ഗ്രൂപ് ഡയറക്ടർമാരും, സംഘാടകരുമായ ഫ്രാൻസിസ് തലച്ചിറ, റോയ് റാഫേൽ, ഖമീസ് അൽ സദ്ജാലി, സാസ് അക്കാദമിയുടെ കോച്ചുമാരായ ജോഷി റാഫേൽ, സച്ചിൻ ഗോപികുമാർ, വാദി കബീർ ടീം കോഓഡിനേറ്റർ ഡാബ്സൺ ഫ്രാൻസിസ്, ഒമാൻ വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി സാബു കുര്യൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. എല്ലാ വർഷവും ഒക്ടോബറിൽ മാഫ് എവർ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകരായ മദീനത് അൽ ഫഖാമാ (മാഫ്) ഇവന്റസ് അറിയിച്ചു. സലാല സോക്കർ വേൾഡ് അക്കാദമി, മസ്കത്തിൽ പുതുതായി ആരംഭിക്കുന്ന’സാസ് മസ്കത്തി’ന്റെ ഔദ്യോഗിക ഉദ്ഘാടനം, മുഖ്യാതിഥി ശൈഖ് നജീബ് അൽ സദ്ജാലി, ഹെഡ് കോച്ച് ജോഷി റാഫേലിന് ജേഴ്സി നിർവഹിച്ചു.
ചടങ്ങിൽ മാഫ് പ്രതിനിധികളും സോക്കർ വേൾഡ് അക്കാദമി സലാലയുടെ കോച്ചുമാരായ അലി സയ്ദും (മുൻ ഒമാൻ ഇൻറർനാഷനൽ ഗോൾകീപ്പർ) സച്ചിൻ ഗോപികുമാറും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

