മടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ജിമാഖ് ലോഞ്ച്
text_fieldsമടപ്പള്ളി ഗവ. കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ജിമാഖിന്റെ ലോഞ്ചിങ് ചടങ്ങിൽ ഗോകുലം
ഗോപാലൻ സംസാരിക്കുന്നു
ദോഹ: മടപ്പള്ളി ഗവ.കോളജ് പൂർവ വിദ്യാർഥികളുടെ ഖത്തറിലെ കൂട്ടായ്മ ജിമാഖിന്റെ ലോഞ്ച് അൽ വക്റയിലെ ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മടപ്പള്ളി കോളജ് പൂർവ വിദ്യാർഥിയായ ഗോകുലം ഗോപാലൻ ജിമാഖിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. വ്യാപാര, വ്യവസായ, സിനിമാ രംഗങ്ങളിലെ നിസ്തുല സംഭാവനകളുടെ പേരിൽ ഗോകുലം ഗോപാലനെ ചടങ്ങിൽ ആദരിച്ചു. ഖാലിദ് അബ്ദുൽറഹ്മാൻ അൽ ഫഖ്റു ഗോകുലം ഗോപാലന് ഉപഹാരം സമർപ്പിച്ചു. ഓർഗനൈസിങ് കൺവീനർ ശ്രീനാഥ് പറമ്പത്ത് മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു. തുടർന്ന് ഖത്തറിൽ 40 വർഷം പൂർത്തിയാക്കിയ മടപ്പള്ളി കോളജ് പൂർവ വിദ്യാർഥികളായ എം.വി. സിറാജുദ്ദീൻ, കെ.കെ. യൂസഫ്, എം.വി. അബൂതയ്യിബ്, പി. ഹമീദ് എന്നിവരെ ആദരിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ മെമന്റോ വിതരണം ചെയ്തു.
ചടങ്ങിൽ ‘റീകണക്ട്’ സുവനീറും പ്രകാശനം ചെയ്തു. ആദ്യകോപ്പി ഗോകുലം ഗോപാലന് നൽകി പരിപാടിയുടെ മുഖ്യ പ്രായോജകരായ കോൺകോഡിന്റെ സാരഥി ജുബീഷ് പ്രകാശനം നിർവഹിച്ചു. വൈകീട്ട് അഞ്ചിന് ആരംഭിച്ച പരിപാടിയിൽ സുധൻ കൈവേലിയുടെ ഹാസ്യ പ്രകടനം, വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു വർധൻ, കൃതിക, ഫാരിഷ ഹുസൈൻ, റിയാസ് കരിയാട് എന്നിവരുടെ സംഗീത വിരുന്നും ഒരുക്കിയിരുന്നു. സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിമാഖ് പ്രസിഡന്റ് ഫൈസൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

