പുസ്തകങ്ങളുമായി ‘എം.വി. ലോഗോസ് ഹോപ്’ ഇന്ന് ഒമാനിൽ എത്തും
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക കപ്പലായ എം.വി. ലോഗോസ് ഹോപ് കപ്പൽ വ്യാഴാഴ്ച ഒമാനിൽ എത്തും. ബഹ്റൈനിലെ മനാമയിൽനിന്നാണ് അക്ഷരയോളങ്ങളുമായി സുൽത്താനേറ്റിൽ എത്തുന്നത്.
വ്യാഴാഴ്ച മുതൽ 24വരെ മത്ര സുൽത്താൻ ഖാബുസ് തുറമുഖത്തും 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തും പുസ്തകങ്ങളുമായി കപ്പൽ നങ്കൂരമിടും. പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് നേരത്തേ 2011ലും 2013ലും കപ്പൽ ഒമാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്. യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയാണ് ഒമാനിലെത്തുന്നത്. ഏപ്രിൽ പത്ത് മുതൽ റാസൽഖൈമയിൽ നിന്നാണ് കപ്പൽ മേഖലയിലെ പ്രയാണം ആരംഭിച്ചത്.
ഏറ്റവും വലിയ ബുക്സ്റ്റാൾ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് സന്ദർശകരായും പുസ്തകം വാങ്ങാനും എത്തുന്നത്. ഒരു ദശലക്ഷം സന്ദർശകരെങ്കിലും ഒരു വർഷം പുസ്തക കപ്പൽ സന്ദർശിക്കാറുണ്ട്. 5000 തലക്കെട്ടിലുള്ള പുസ്തകങ്ങളെങ്കിലും വിൽപനയും നടത്തും. ജീവനക്കാർ മുഴുവൻ ശമ്പളമില്ലാതെ സന്നദ്ധ സേവകരായാണ് സേവനം അനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

