‘എം പാസ്പോർട്ട് പൊലീസ് ആപ്’; പ്രവാസികൾ ആശ്വാസത്തിൽ
text_fieldsമസ്കത്ത്: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നടപ്പാക്കിയ ‘എം പാസ്പോർട്ട് പൊലീസ് ആപ്’ പ്രവാസികൾക്ക് ആശ്വാസം പകരും. പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടി നടപ്പാക്കുന്ന ഈ ആപ് വെരിഫിക്കേഷൻ സമയം മൂന്നിലൊന്നായി കുറക്കുമെന്ന് ഡൽഹി പാസ്പോർട്ട് അധികൃതരും വ്യക്തമാക്കിയിരുന്നു. ആപ് നിലവിൽ വരുന്നതോടെ 15 ദിവസമെടുക്കുന്ന പൊലീസ് വെരിഫിക്കേഷൻ അഞ്ചു ദിവസമായി കുറയുമെന്നാണ് ഡൽഹി പാസ്പോർട്ട് ഓഫിസർ വ്യക്തമാക്കിയത്.
നിലവിൽ ഒമാനിൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കുമ്പോൾ നാട്ടിൽനിന്നുള്ള ലോക്കൽ വെരിഫിക്കേഷൻ ആവശ്യമുണ്ട്. ഈ വെരിഫിക്കേഷൻ റിപ്പോർട്ട് കിട്ടിയാൽ മാത്രമാണ് ഒമാനിൽനിന്ന് പാസ്പോർട്ട് പുതുക്കാൻ കഴിയുക. അതിനാൽ പാസ്പോർട്ട് പുതുക്കുന്നതിന് കാലതാമസവും നേരിടും. ഇത് പലർക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്. അടിയന്തരമായി നാട്ടിൽ പോകേണ്ടവർക്കും വിസ പുതുക്കുന്നവർക്കുമൊക്കെയാണ് വെരിഫിക്കേഷൻ പ്രയാസം സൃഷ്ടിക്കുന്നത്. ഒമാനിൽ വിസ പുതുക്കാൻ പാസ്പോർട്ടിന് ആറു മാസത്തെ കാലാവധി ആവശ്യമാണ്. യു.എ.ഇ വിസ, ഉംറ വിസ എന്നിവക്കും പാസ്പോർട്ടിന് ആറുമാസ കലാവധി നിബന്ധനയുണ്ട്. പലപ്പോഴും വിസ പുതുക്കാൻ നടപടികൾ ആരംഭിക്കുമ്പോഴാണ് പാസ്പോർട്ടിന് ആറു മാസത്തെ കാലാവധിയില്ലെന്ന് അറിയുന്നത്.
ഇതോടെ പുതുക്കാനായി ബന്ധപ്പെട്ട ഓഫിസിൽ എത്തുമ്പോഴാണ് നാട്ടിലെ വെരിഫിക്കേഷൻ വേണമെന്ന വിവരം അറിയുന്നത്. കേരളത്തിൽനിന്നുള്ള വെരിഫിക്കേഷൻ വേഗത്തിൽ നടക്കുന്നത് മലയാളികൾക്ക് അനുഗ്രഹമാവുന്നുണ്ട്. എന്നാൽ, മറ്റുപല സംസ്ഥാനങ്ങളിലും ഒന്നും രണ്ടും മാസമാണ് വെരിഫിക്കേഷന് എടുക്കുന്നത്. വെരിഫിക്കേഷന് ‘കൈമട’ക്ക് വാങ്ങുന്നുവെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്. അടിയന്തരമായി നാട്ടിൽ പോകേണ്ടവർക്കാണ് വെരിഫിക്കേഷൻ നിയമം ബുദ്ധിമുട്ടാവുന്നത്. പുതിയ ആപ് എല്ലാ സംസ്ഥാനത്തും നടപ്പാവുന്നതോടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിലാവുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്. വെരിഫിക്കേഷൻ പെട്ടെന്ന് കഴിയുന്നത് ജോലിക്കും യാത്രക്കും അടക്കമുള്ള തടസ്സങ്ങൾ നീങ്ങാനും കാരണമാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

