വിനോദസഞ്ചാരികളുമായി ആഡംബര കപ്പൽ സലാല തുറമുഖത്ത്
text_fieldsമസ്കത്ത്: വിനോദസഞ്ചാരികളുമായി ആഡംബര കപ്പൽ സലാല തുറമുഖത്തെത്തി. കോസ്റ്റ ഫെർണസ് ക്രൂയിസ് കപ്പലാണ് വെള്ളിയാഴ്ച രാവിലെ തീരം തൊട്ടത്. കപ്പലിനെയും വിനോദസഞ്ചാരികളെയും ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിലെ ടൂറിസ്റ്റ് പാറ്റേൺസ് വകുപ്പ് മേധാവി അഹ്മദ് ബിൻ അബ്ദുല്ല ഷമ്മാസ് സ്വീകരിച്ചു. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും സുവനീറും കൈമാറി. പ്രദേശത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സഞ്ചാരികൾ സന്ദർശിച്ചു. വിനോദസഞ്ചാരികളുമായുള്ള ക്രൂയിസ് കപ്പലുകൾ ഖസബ് തുറമുഖത്തും സലാലയിലും മത്രയിലും കഴിഞ്ഞ മാസവും എത്തിയിരുന്നു. ഒന്നരവർഷത്തിലധികമായി 'ഉറങ്ങിക്കിടക്കുകയായിരുന്ന' വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കോവിഡ് പശ്ചാത്തലത്തിൽ പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മദ് മഹറൂഖിയുടെ നേതൃത്വത്തിൽ ആഗസ്റ്റിൽ ദോഫാറിലെ ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് പദ്ധതികൾ ആരംഭിച്ചിരുന്നു. പ്രതിസന്ധി മറികടക്കാനും ടൂറിസം മേഖലയെ എത്രയും വേഗം പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച സുരക്ഷ നടപടിക്രമങ്ങൾ, ആരോഗ്യ പെരുമാറ്റച്ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ സീസണിൽ കപ്പലുകൾ എത്തിയില്ലെങ്കിലും 2018-19 സീസണിൽ 2,83,000 വിനോദസഞ്ചാരികളാണ് കപ്പൽ വഴി ഒമാനിലെത്തിയത്. മുൻ വർഷത്തേക്കാൾ 45 ശതമാനം കൂടുതലാണിത്. 2017-18 കാലത്ത് 1,93,000 യാത്രക്കാരാണ് എത്തിയത്. ക്രൂയിസ് കപ്പലുകളിലെ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്. അടുത്ത കാലത്തായി വിനോദസഞ്ചാര മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ സൗകര്യങ്ങൾ നൽകി വിനോദസഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതർ യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനാവശ്യമായ പദ്ധതികൾ വർഷങ്ങൾക്ക് മുമ്പുതന്നെ ഒമാൻ ആരംഭിച്ചിരുന്നു. രാജ്യത്തിെൻറ ഭൂപ്രകൃതിയും ജനങ്ങളുടെ ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

