10 മാസം, 22,000 നോട്ടിക്കൽ മൈൽ; ചരിത്രപ്രയാണവുമായി ‘ലോകയാൻ 26’
text_fieldsസലാല: ഇന്ത്യയും ഒമാനും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാവിക പാരമ്പര്യവും തന്ത്രപ്രധാന ബന്ധവും വിളിച്ചോതി ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്കപ്പൽ ‘ഐ.എൻ.എസ് സുദർശിനി’ ഒമാനിലെ സലാല തുറമുഖത്ത് നങ്കൂരമിട്ടു. ഈ വർഷം ജനുവരി 20ന് കൊച്ചിയിൽ നിന്ന് ആരംഭിച്ച ‘ലോകയാൻ 26’ ആഗോള സമുദ്രാന്തര പര്യവേഷണത്തിന്റെ ഭാഗമായുള്ള അവസാന വിദേശ തുറമുഖ സന്ദർശനമാണിത്. നാല് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങളിലെ 18 വിദേശ തുറമുഖങ്ങളിൽ സന്ദർശനം നടത്തിയ യാത്രയുടെ ആദ്യ അന്താരാഷ്ട്ര തുറമുഖ സന്ദർശനവും സലാലയിൽ തന്നയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.എൻ.എസ് സുദർശിനി സലാലയിലെത്തിയത്. യാത്രയുടെ അവസാന ഘട്ടത്തിലും കപ്പൽ സലാലയിൽ എത്തിച്ചേർന്നിരിക്കുകയാണ്.
സലാല തുറമുഖത്തെത്തിയ കപ്പലിനും നാവികസംഘത്തിനും ഒമാൻ റോയൽ നേവി സ്വീകരണം നൽകി. സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥർ തമ്മിൽ വിപുലമായ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടന്നു. നാവികർ പരസ്പരം കപ്പലുകൾ സന്ദർശിച്ചു. ഇതിന് പുറമെ ഇരുസേനകളിലെയും അംഗങ്ങൾ മാറ്റുരച്ച സൗഹൃദ കായിക മത്സരങ്ങളും തുറമുഖത്ത് അരങ്ങേറി.
ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കേഡറ്റുകൾക്ക് പരമ്പരാഗത രീതിയിലുള്ള കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം ആഗോളതലത്തിൽ ഇന്ത്യയുടെ സൗഹൃദ സന്ദേശം എത്തിക്കുകയുമാണ് ഈ പര്യവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ നിന്ന് പ്രയാണം ആരംഭിച്ച കപ്പൽ 10 മാസം കൊണ്ട് ഏകദേശം 22,000 നോട്ടിക്കൽ മൈൽ (41,000 കിലോമീറ്റർ) ദൂരമാണ് പിന്നിടുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങളിലെ 18 വിദേശ തുറമുഖങ്ങളിൽ ഐ.എൻ.എസ് സുദർശിനി ഇതിനകം സന്ദർശനം നടത്തി.
യാത്രക്കിടയിൽ ഫ്രാൻസിൽ നടന്ന യൂറോപ്പിലെ ഏറ്റവും വലിയ നാവിക മേളയായ ‘എസ്കേൽ അ സെറ്റ്’, അമേരിക്കയുടെ 250-ആമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര കപ്പൽ വ്യൂഹത്തിന്റെ പ്രയാണം എന്നിവയിലും ഐ.എൻ.എസ് സുദർശിനി പങ്കെടുത്തു. ഇതിനുപുറമെ ഈജിപ്ത്, മാൾട്ട, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രപ്രസിദ്ധമായ തുറമുഖങ്ങളിലും കപ്പൽ നങ്കൂരമിട്ടിരുന്നു.
ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമിച്ച 54 മീറ്റർ നീളമുള്ള ഐഎൻഎസ് സുദർശിനി, കാറ്റിന്റെയും അലകളുടെയും ഗതിക്കനുസരിച്ച് കപ്പൽ നിയന്ത്രിക്കുന്ന പരമ്പരാഗത നാവിക കലയിൽ നാവികർക്ക് പ്രായോഗിക ജ്ഞാനം നൽകുന്ന ഒരു ‘ഫ്ലോട്ടിംഗ് അക്കാദമി’യായാണ് അറിയപ്പെടുന്നത്. 200-ലധികം യുവ കേഡറ്റുകൾക്ക് ഈ യാത്രയിലൂടെ വിദഗ്ധ പരിശീലനം ലഭിച്ചു. സലാലയിലെ സന്ദർശനം പൂർത്തിയാക്കി ഐ.എൻ.എസ് സുദർശിനി ഉടൻ ഇന്ത്യയിലേക്ക് മടങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

