Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോജിസ്റ്റിക് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡ്; നാലാം പതിപ്പിന് തുടക്കമായി

text_fields
bookmark_border
സ്വദേശിവൽക്കരണം, ആരോഗ്യവും സുരക്ഷയും, നെറ്റ് സീറോ , തുടർച്ചയായ പുരോഗതിയും നവീകരണവും, ഒമാനി ഉൽപ്പന്നങ്ങളും സേവനങ്ങളും എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുക
news
cancel

മസ്കത്ത്: ഒമാനിലെ ലോജിസ്റ്റിക് മേഖലയിൽ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനുമായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (ഒമാൻ ലോജിസ്റ്റിക്സ് സെന്റർ) ഒമാൻ ലോജിസ്റ്റിക്സ് അസോസിയേഷനുമായി സഹകരിച്ച് ‘ബെസ്റ്റ് പ്രാക്ടീസസ് ഇൻ ലോജിസ്റ്റിക് സെക്ടർ അവാർഡ് 2027’-ന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു.

ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ നൂതനമായ ആശയങ്ങളും മികച്ച പ്രവർത്തന പരിചയങ്ങളും പരസ്പരം പങ്കുവെക്കാനും വികസിപ്പിക്കാനും ഇതുവഴി അവസരമൊരുക്കും. മേഖലയിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം ഈ രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മികച്ച പിന്തുണ നൽകുക എന്നതും പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

വെയർഹൗസുകൾ, ഷിപ്പിങ്-കപ്പൽ ലൈൻ ഏജന്റുമാർ, വ്യോമ-സമുദ്ര-കര ഗതാഗത മേഖലകളിൽ പ്രവർത്തിക്കുന്നവർ, കസ്റ്റംസ് ക്ലിയറൻസ് ഏജന്റുമാർ, തുറമുഖങ്ങൾ, ഫ്രീ സോണുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ഫ്രൈറ്റ് ഫോർവേഡർമാർ തുടങ്ങിയ വിവിധ ലോജിസ്റ്റിക്സ് മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം.

പ്രധാനമായും സ്വദേശിവൽക്കരണം, ആരോഗ്യവും സുരക്ഷയും, നെറ്റ് സീറോ , തുടർച്ചയായ പുരോഗതിയും നവീകരണവും, ഒമാനി ഉൽപ്പന്നങ്ങളും സേവനങ്ങളും എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുക. ലോജിസ്റ്റിക്സ് മേഖലയിൽ ഒമാനി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും പരിശീലനവും ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് സ്വദേശിവൽക്കരണ വിഭാഗത്തിൽ പുരസ്കാരം.

തൊഴിലിടങ്ങളിലെ അപകടങ്ങളും അപകടസാധ്യതകളും കുറക്കുകയും തൊഴിൽ സുരക്ഷാ സംസ്കാരം വളർത്തുകയും ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾ ആരോഗ്യവും സുരക്ഷയും എന്ന വിഭാഗത്തിൽ പരിഗണിക്കും. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും മുൻകൈയെടുക്കുന്ന പദ്ധതികൾക്കാണ് നെറ്റ് സീറോ പുരസ്കാരം.

കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളും ഉപയോഗപ്പെടുത്തുന്നതിനാണ് ‘തുടർച്ചയായ പുരോഗതിയും നവീകരണവും’ വിഭാഗത്തിൽ പുരസ്കാരം നൽകുക. പ്രാദേശിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണിയെ പിന്തുണക്കുന്നതിനും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ‘ഒമാനി ഉൽപ്പന്നങ്ങളും സേവനങ്ങളും’ വിഭാഗത്തിൽ അവാർഡ്.

താത്പര്യമുള്ള കമ്പനികൾക്ക് www.logistics-bpa.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2027 ജനുവരി 30 വരെ അപേക്ഷകൾ സമർപ്പിക്കാം. മത്സരത്തിലെ വിജയികളെ ഒമാൻ ലോജിസ്റ്റിക്സ് ദിനത്തിൽ പ്രഖ്യാപിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Logistics excellence awards launch fourth edition
Next Story