ലോക്ഡൗൺ: ഭക്ഷ്യോൽപന്ന ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം
text_fieldsമസ്കത്ത്: രാത്രി സഞ്ചാരവിലക്ക് ഭക്ഷ്യോൽപന്ന ലഭ്യതയെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി വ്യവസായ-വാണിജ്യ മന്ത്രാലയം. ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകിയതായി വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുബാറക് ബിൻ മുഹമ്മദ് അൽ ദൊഹാനി അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലും അടിസ്ഥാന ഭേക്ഷ്യാൽപന്നങ്ങളുടെയും വാണിജ്യ ഉൽപന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
മന്ത്രാലയം രൂപം നൽകിയ ടാസ്ക്ഫോഴ്സ് ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കും. ഭക്ഷണസാധനങ്ങൾ ശേഖരിച്ചുവെക്കേണ്ട ആവശ്യമില്ലെന്നും മുബാറക് അൽ ദൊഹാനി പറഞ്ഞു. സാധനങ്ങളുടെ ഉപഭോഗത്തിൽ ക്രമീകരണം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയാത്ര വിലക്കുള്ള സമയങ്ങളിൽ മൂന്നു ടണ്ണും അതിന് മുകളിലും ശേഷിയുള്ള ട്രക്കുകൾക്ക് യാത്രാനുമതിയുണ്ട്.
റോയൽ ഒമാൻ പൊലീസുമായി ചേർന്ന് മന്ത്രാലയം ഇതിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. ഷോപ്പിങ്ങുകൾ നേരത്തേ പൂർത്തിയാക്കണമെന്നും അവസാന സമയങ്ങളിൽ തിരക്കുണ്ടാക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. യാത്രവിലക്ക് രണ്ടു ദിവസം പിന്നിട്ടിട്ടും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ 1099 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

