ലോക്ഡൗൺ: ആളനക്കമില്ലാത്ത രാവ്, രണ്ട് ദിവസം പിന്നിട്ടു
text_fieldsമസ്കത്ത്: ശനിയാഴ്ച രാത്രി ഏഴു മുതൽ സുൽത്താനേറ്റ് ഒാഫ് ഒമാനിൽ രാത്രികൾക്ക് ഇന്നോളം കാണാത്ത മുഖം. ആളനക്കമില്ലാത്ത രാത്രിയുടെ മുഖം പേടിപെടുത്തുന്ന പ്രതീതിയാണ് പലർക്കും. വാഹനങ്ങളുടെ ഇരമ്പലുകളും പൊതുജനങ്ങളുടെ കോലാഹലവുമില്ലാതെ നിശബ്ദത നിറഞ്ഞ രാത്രി. രാവും പകലും വാഹനങ്ങൾ നിറഞ്ഞോടുന്ന ഹൈവേകളും ഉൾഭാഗ റോഡുകളും ശൂന്യമാണ്. കോവിഡിനെ നേരിടുന്നതിനായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ലോക്ഡൗണും രാത്രിയിലെ പൂർണമായ സഞ്ചാര വിലക്കും രണ്ട് ദിവസം പിന്നിട്ടു. പ്രധാന റോഡുകളിൽ ഒറ്റപ്പെട്ട പൊലീസ് വാഹനങ്ങൾ മാത്രമാണുള്ളത്. കെട്ടിടങ്ങളുടെയും താമസ ഇടങ്ങളുടെയും പാർക്കിങുകൾ വൈകുന്നേരം ആറുമുതൽ തന്നെ നിറയുന്നു. സന്ധ്യയോടെ കൂട്ടിലടങ്ങുന്ന പക്ഷികളുടെ അനുഭവമാണ് പലർക്കും രാത്രികാല കർഫ്യൂ സമ്മാനിക്കുന്നത്. മാലിന്യ വസ്തുക്കൾ നിക്ഷേപിക്കാൻ പോലും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ആറു മണിയോടെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് ഷട്ടർ വീഴും. കാരണം സ്ഥാപനത്തിെൻറ കണക്കുകളും മറ്റും ശരിയാക്കി ജീവനക്കാർക്ക് ഏഴ് മണിക്ക് മുമ്പ് വീടണയേണ്ടതിനാലാണിത്. ഇതിനാൽ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് വ്യാപാര സ്ഥാപനങ്ങളിൽ അനുഭവപ്പെടുന്നത്. രാത്രി നടത്തക്കാർക്കും രാത്രി ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്നവർക്കും കർഫ്യൂ പ്രയാസകരമാണ്. എന്നിരുന്നാലും നേരത്തെ ഭക്ഷണം കഴിക്കുക, നേരത്തെ ഉറങ്ങുക തുടങ്ങിയ നല്ല ജീവിത ശീലങ്ങൾ നടപ്പാക്കാൻ ഇൗ കർഫ്യൂ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
എന്തായാലും ഒമാൻ സർക്കാർ കർശനമായി നടപ്പാക്കുന്ന രാത്രികാല കർഫ്യൂവിനെ പിന്തുണക്കുന്നവരാണ് എല്ലാ സ്വദേശികളും വിദേശികളും. രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. സമ്പൂർണ കർഫ്യൂ വേണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. െപാതുജനങ്ങൾ കർഫ്യൂവുമായി പൂർണമായി സഹകരിക്കുന്നതിന് റോയൽ ഒമാൻ പൊലീസ് നന്ദിയും പറയുന്നുണ്ട്.രാത്രികാല കർഫ്യൂ ഏറെ പ്രയോജനകരമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. പകൽ സമയങ്ങളിൽ ഭൂരിഭാഗം ജനങ്ങളും ജോലിസ്ഥലത്തും ജോലി സംബന്ധമായ തിരക്കിലുമായിരിക്കും. അതിനാൽ അനാവശ്യ കാര്യങ്ങൾക്കായി ചുറ്റി കറങ്ങില്ല. ഒമാനിൽ അനുഭവപ്പെടുന്ന ശക്തമായ ചൂടും അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതാണ്. രാത്രിയോടെയാണ് പലരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. ഇതിൽ അധികവും അനാവശ്യമായ പുറത്തിറങ്ങലുമാണ്. പെരുന്നാൾ കാലമെത്തുന്നതോടെ ഇത്തരം പുറത്തിറങ്ങലുകളും കൂടിക്കലരലുകളും വർധിക്കുകയും ചെയ്യും. അതിനാൽ ഇപ്പോൾ ഏർപ്പെടുത്തുന്ന രാത്രി കാല കർഫ്യു കോവിഡ് നിയന്ത്രണത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ഭൂരിഭാഗവും വിശ്വസിക്കുന്നു. അതിനിടെ സമ്പൂർണ അടച്ചിടൽ സമയത്ത് പുറത്തിറങ്ങുന്നതിനും ചെക്ക്പോയിൻറുകൾ കടക്കുന്നതിനും അനുമതി തേടുന്നതിന് ഒാരോ ഗവർണറേറ്റുകളിലും ഹോട്ട്ലൈൻ നമ്പറുകൾ നിലവിൽ വന്നതായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ റോയൽ ഒമാൻ പൊലീസ് തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
