മത്ര വിലായത്തിലെ ലോക്ഡൗൺ ഭാഗികമായി നീക്കി
text_fieldsമസ്കത്ത്: മത്ര വിലായത്തിലെ ലോക്ഡൗൺ ഭാഗികമായി നീക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള ഇളവ് ശനിയാഴ്ച രാവിലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. രണ്ട് മാസത്തിന് ശേഷമാണ് സഞ്ചാര നിയന്ത്രണത്തിന് ഭാഗിക ഇളവ് ലഭിക്കുന്നത്. ഖുറം ഹൈറ്റ്സ് റോഡ് (അൽ ബുസ്താൻ-വാദികബീർ റോഡ്) ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇതോടൊപ്പം ദാർസൈത്ത് സിഗ്നലിലെ ചെക് പോയൻറുകളും നീക്കം ചെയ്തു. പഴയ മത്ര ഭാഗത്തേക്ക് ഒഴിച്ച് വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാം. വാദികബീറിലെയും ചെക്പോയൻറുകൾ മാറ്റിയിട്ടുണ്ട്.
അതേ സമയം പഴയ മത്ര (മത്ര സൂഖ് ഭാഗം), ഹമരിയ, വാദി കബീർ വ്യവസായ മേഖല എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഉയർന്ന രോഗബാധ കണക്കിലെടുത്താണ് ഇവിടെ നിയന്ത്രണങ്ങൾ തുടരുന്നത്. നിയന്ത്രണങ്ങൾ നീക്കിയതിെൻറ പ്രയോജനം റൂവി, ദാർസൈത്ത് ഭാഗങ്ങളിലുള്ളവർക്കാണ് ലഭിക്കുക. രോഗികളുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്താണ് മത്ര വിലായത്തിലെ ചില ഭാഗങ്ങളിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കാൻ തീരുമാനിച്ചതെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി അറിയിച്ചത്. നിയന്ത്രണങ്ങൾ തുടരുന്ന സ്ഥലങ്ങളിലെ സാഹചര്യങ്ങൾ അടുത്ത രണ്ടാഴ്ച സമയം അവലോകനം ചെയ്യും. അതിന് ശേഷമാകും ഇവ നീക്കുന്ന കാര്യം തീരുമാനിക്കുക. പൊലീസ് ചെക് പോയൻറുകൾ നീക്കിയെങ്കിലും ചില ആരോഗ്യ സുരക്ഷ നടപടികൾ മത്ര വിലായത്തിൽ പ്രാബല്യത്തിലുണ്ടാകും. അനുവദനീയമായ വാണിജ്യ സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ.
പൊതുഗതാഗതവും ടാക്സി സർവിസും അനുവദിക്കില്ല. വിലായത്തിന് അകത്തും പുറത്തേക്കും താമസസ്ഥലം മാറുന്നത് അനുവദിക്കില്ല. വാദി കബീർ വ്യവസായ മേഖലയിൽ വ്യവസായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മത്ര സൂഖ് അടഞ്ഞുതന്നെ കിടക്കുമെന്നും അധികൃതർ അറിയിച്ചു. ഹമരിയയിൽ റോഡിെൻറ മധ്യഭാഗത്ത് റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത വിധം ബാരിക്കേഡുകൾ വെച്ചിട്ടുണ്ട്. റോഡിൽ ഇറങ്ങി നടക്കുന്നവരെയും തിരിച്ചുവിടുന്നുണ്ട്.
അതേസമയം ലോക്ഡൗൺ ഇളവ് പ്രാബല്യത്തിൽ വന്നെങ്കിലും റൂവി, ദാർസൈത്ത് ഭാഗങ്ങളിൽ റോഡുകളിൽ ഇന്നലെ തിരക്കുണ്ടായിരുന്നില്ല.
വ്യാപാര സ്ഥാപനങ്ങൾ ആളൊഴിഞ്ഞ നിലയിലായിരുന്നു. അതിനാൽ പലരും തുറന്നിട്ടില്ല. ബസ്, ടാക്സി സർവിസുകൾ ആരംഭിച്ച് ആളുകൾ എത്തി തുടങ്ങിയാൽ മാത്രമെ റൂവിയിൽ എന്തെങ്കിലും കച്ചവടം നടക്കുമെന്ന് പ്രതീക്ഷയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
