സ്വദേശിവത്കരണം: ഫാർമസിസ്റ്റുകൾക്കും തൊഴിൽ നഷ്ടമാകും
text_fieldsമസ്കത്ത്: ഫാർമസ്യൂട്ടിക്കൽ തസ്തികയിലും സ്വദേശിവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ്. 42 തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയമനത്തിന് അർഹരായ സ്വദേശികളുടെ പട്ടിക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടു. വിവിധ ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലുമായി 26 ഫാർമസിസ്റ്റ്, 16 അസി. ഫാർമസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ബാച്ച്ലർ ബിരുദവും മിനിസ്ട്രി റാങ്കിങ്ങിൽ എട്ടാം ഡിഗ്രിയുമാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത.
ഡിപ്ലോമയും മിനിസ്ട്രി റാങ്കിങ്ങിൽ ഒമ്പതാം ഡിഗ്രിയുമുള്ളവർക്ക് അസി. ഫാർമസിസ്റ്റ് തസ്തികയിലെ നിയമനത്തിനും അർഹരാണ്. പുറത്തിറക്കിയ പട്ടികയിലുള്ളവർ നിയമനത്തിന് മുമ്പ് അഭിമുഖത്തിനും വിധേയരാകേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. തൊഴിൽ നഷ്ടപ്പെടുന്നവരിൽ എത്ര മലയാളികൾ ഉണ്ടെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇൗ തസ്തികകളിൽ ജോലി ചെയ്യുന്ന മലയാളികളെല്ലാം തന്നെ ആശങ്കയിലാണ്. എൺപത് വിദേശി ഡോക്ടർമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു.
നഴ്സിങ് തസ്തികയിൽ ജോലി ചെയ്യുന്ന 415 പേർക്കും പിരിഞ്ഞുപോകുന്നതിനായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള ഇവരുടെ അവസാനത്തെ ഡ്യൂട്ടി ജൂലൈ ഒന്നിനാണ്. നോട്ടീസ് ലഭിച്ച മലയാളികളിൽ പലരും നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. ചിലർ സ്വകാര്യ ആശുപത്രികളിൽ ജോലിക്കായി ശ്രമിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷവും സ്വദേശിവത്കരണത്തിെൻറ ഫലമായി മലയാളി നഴ്സുമാരടക്കം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
