ഇറാൻ-യു.എസ് ആണവ ചർച്ചയിൽ നേരിയ പുരോഗതി
text_fieldsഅഞ്ചാം ഘട്ട ചർച്ചകൾക്കു ശേഷം ഇറാൻ പ്രതിനിധി
സംഘം റോമിലെ ഒമാനി എംബസിയിൽനിന്ന് പുറത്തേക്ക്
മസ്കത്ത്: ഇറാൻ-യു.എസ് ആണവ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നേരീയ പുരോഗതി. കഴിഞ്ഞ ദിവസം റോമിൽ സമാപിച്ച അഞ്ചാം ഘട്ട ചർച്ചകൾക്കുശേഷം മധ്യസ്ഥതവഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. ‘ചർച്ചകൾ അന്തിമഫലങ്ങളിൽ എത്തിയില്ല. വരും ദിവസങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വ്യക്തമാക്കാൻ കഴിയുമെന്നും, അതുവഴി സുസ്ഥിരമായ ഒരു കരാറിലെത്തുക എന്ന പൊതു ലക്ഷ്യത്തിലേക്ക് മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’’- സയ്യിദ് ബദർ പറഞ്ഞു. ആണവ വിഷയത്തിൽ ഇരുകക്ഷികളും വീണ്ടും ചർച്ച നടത്തും. സ്ഥലവും തീയതിയും അറിയിച്ചിട്ടില്ല.
ഇറാനും യു.എസും തമ്മിലുള്ള നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ധാരണയിലെത്തുന്നതിനായി സമാധാനപരമായ പരിഹാരങ്ങൾ തേടാനും സംഭാഷണത്തിന്റെ അന്തരീക്ഷം വർധിപ്പിക്കാനുമുള്ള ഇരുപക്ഷത്തിന്റെയും പരസ്പര ആഗ്രഹത്തിന്റെ തുടർച്ചയാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിലൂടെ പ്രകടമാകുന്നത്.
ഏറ്റവും പ്രഫഷനൽ ചർച്ചകളിൽ ഒന്നാണ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചത് എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കിയിരിക്കുന്നത്. ഒമാൻ നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും ചർച്ചകൾ സങ്കീർണമായിരുന്നു. പുരോഗതിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകൾ ഒമാനി മധ്യസ്ഥരുമായി നേരിട്ടും അല്ലാതെയും ആയിരുന്നുവെന്ന് ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റോമിലെ ഒമാനി എംബസിയിൽ നടന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നേതൃത്വം നൽകി. കഴിഞ്ഞ നാലു ചർച്ചകളിൽനിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു അഞ്ചാം ഘട്ട ചർച്ചകൾ നടന്നിരുന്നത് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് വാഷിങ്ടണും തെഹ്റാനും ദിവസങ്ങൾക്ക് മുമ്പ് പരസ്പരവിരുദ്ധമായ നിലപാടുകൾ ആണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, സിവിലിയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

