അക്ഷരോത്സവത്തിന് തിരശ്ശീല
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: തലസ്ഥാന നഗരിക്ക് അക്ഷരവെളിച്ചം പകർന്ന് നടന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29ാമത് പതിപ്പിന് തിരശ്ശീല വീണു. ഇ-വായനയുടെ കാലത്തും പുസ്തകങ്ങളെ നെഞ്ചോടുചേർക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു പുസ്തക നഗരിയിൽ കണ്ടത്. സത്രീകളും കുട്ടികളും യുവാക്കളുമെല്ലാം അക്ഷര നഗരയിലേക്ക് ഒഴുകി. സ്വദേശി പൗരൻമാർ കുടുംബവുമായിട്ടാണ് എത്തിയത്. വാരാന്ത്യദിനങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭപ്പെട്ടത്.
മികച്ച പ്രതികരണമാണ് ആളുകളിൽനിന്ന് ലഭിച്ചതെന്നും പുസ്തകങ്ങൾ നല്ല രീതിയിൽ വിറ്റഴിഞ്ഞുപോയന്നും സ്റ്റാൾ ഉടമകൾ പറഞ്ഞു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഇറാൻ വിദേശകാര്യ മന്ത്രി എന്നിവർ വിവിധ ദിവസങ്ങളിലായി പുസ്തോകത്സവ നഗരിയിൽ എത്തിയിരുന്നു.
ഈ വർഷം, 35 രാജ്യങ്ങളിൽ നിന്നുള്ള 674 പ്രസാധക സ്ഥാപനങ്ങളാണ് മേളയിൽ പങ്കാളികളായത്. അതിൽ 640 എണ്ണം നേരിട്ടും 34 എണ്ണം ഏജൻസികൾ വഴിയും പങ്കെടുത്തു. വടക്കൻ ശർഖിയയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും നടന്നു. അതിഥി ഗവർണറേറ്റായ വടക്കൻ ശർഖിയയുടെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ, ശാസ്ത്രീയവും മാനുഷികവുമായ നേട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആധുനിക ജീവിതത്തിന്റെ ഘടകങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും സന്ദശകർക്ക് മികച്ച അനുഭവമായി. ശർഖിയയുടെ സാംസ്കാരിക, ചരിത്ര, ശാസ്ത്രീയ, മാനുഷിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനൊപ്പം, സമകാലിക ജീവിതശൈലിയും വിലായത്തുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളും പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന്റെ മാധുര്യവുമായി മൂന്ന് സ്റ്റാളുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്സിന്റെതായിരുന്നു. ഡി.സി ബുക്സിന്റെതാണ് മറ്റൊന്ന്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്കങ്ങളെല്ലാം സ്റ്റാളുകളിൽ ലഭ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

