വരവേൽക്കാം, പ്രതീക്ഷയുടെ പുതുപുലരിയെ
text_fields
പുത്തന്‍ പ്രതീക്ഷകളെ സ്വപ്നം കണ്ടു നമുക്ക് 2024നെ വരവേല്‍ക്കാം. ഇന്ത്യയെന്ന പിറന്നനാടും സുല്‍ത്താനേറ്റ് എന്ന പ്രവാസ ലോകവും മുന്നോട്ടുവെക്കുന്ന പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ തന്നെയാണ് നാം ഓരോരുത്തരേയും ഈ പുതുവത്സരത്തില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. കോവിഡ് മഹാമാരിയെ അതിജീവിച്ചാണ് കഴിഞ്ഞവര്‍ഷത്തെ വരവേറ്റിവരുന്നതെങ്കില് ആ തിരിച്ചുവരവ് നല്കിയ ആത്മവിശ്വാസം കൈമുതലാക്കിയാണ് 2024ലേക്ക് കടക്കുന്നത്.
ഒരു വര്‍ഷത്തിനിടെ പ്രവാസ ലോകത്ത് പ്രതീക്ഷയുടെ പുതിയ വര്‍ത്തമാനങ്ങള്‍ കേട്ടു. വ്യവസായത്തിലും തൊഴില്‍ മേഖലയിലുമെല്ലാം ഉണര്‍വുണ്ടായി. പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നു. അവസരങ്ങള്‍ തുറക്കപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇനി ഇവയുടെയെല്ലാം നിലനില്‍പ്പിനായുള്ള അധ്വാനവും കഠിന പ്രയത്നങ്ങളുമാണ് ആവശ്യം. 2024ല്‍ അതു സാധ്യമാക്കിയെടുത്താല് വരാനിരിക്കുന്ന നാളുകള്‍ നമ്മുടേതാണ്. ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ നാം പ്രാപ്തരായിക്കഴിഞ്ഞു.
പ്രതീക്ഷകള്‍ സമ്മാനിക്കുന്ന മുന്നേറ്റങ്ങളാണ് ഒമാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് കീഴില്‍ വികസന വഴിയില്‍ രാജ്യം കുതിച്ചു. ഇന്ത്യയും സിംഗപ്പൂരുമടക്കമുള്ള രാഷ്ട്രങ്ങളുമായി തുറന്ന പുതിയ സഹകരണ വഴികള്‍ രാജ്യത്തെ വലിയ മുന്നേറ്റങ്ങളിലേക്ക് നയിക്കും. ഒമാന്റെ പ്രഥമ ഉപഗ്രഹം അമാന്‍ ഒന്ന് വിജയകരമായി വിക്ഷേപിക്കല്‍, ഒമാന്‍ അക്രേസ് ഏജസ് മ്യൂസിയം തുറക്കല്‍ തുടങ്ങിയവയിലൂടെയാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയതെങ്കില്‍ സുല്‍ത്താന്‍ ഹൈതം സിറ്റിയും, ജി.സി.സി ഏകീകൃത വിസയും തുടങ്ങിയ കാര്യങ്ങള്‍ വരും ദിനങ്ങളില്‍ രാജ്യം പുതിയ മുന്നേറ്റങ്ങള്‍ നടത്തുമെന്നതിന്റെ പ്രധാന അടയാളങ്ങളാണ്. പത്തു വര്‍ഷത്തെ സാംസ്കാരിക വിസ അനുവദിക്കുന്നതുള്പ്പെടെയള്ള പ്രഖ്യാപനങ്ങള്‍ ഈ രാജ്യം പ്രവാസികളെ എത്രത്തോളം മാടിവിളിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ്.
ഇന്ത്യയിലേക്ക് നോക്കുമ്പോഴും സ്ഥിതി മറ്റൊന്നല്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വര്‍ഷം കൂടിയാണ്. ഫാസിസത്തെ താഴെയിറക്കി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി ഇന്ത്യ ഭരിക്കണമെന്ന് ഇന്ത്യയിലെ മഹാഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യ മുന്നണിയുടെ പ്രാഥമിക നീക്കങ്ങളും പ്രതീക്ഷകള്‍ നല്കുന്നു.
ഫലസ്തീനിലും യുക്രൈയിനിലും അടക്കം യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സാധാരണക്കാരന്റെ തേങ്ങലുകള്‍ക്ക് പകരം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാവുകയും സന്തോഷത്തിന്റെ ചിരികള്‍ ഉയരുകയും ചെയ്യുന്നതാകട്ടെ, 2024ലെ പ്രതീക്ഷയുടെ പൊന്പുലരികള്.
സിദ്ദിക്ക് ഹസ്സന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

