ലെജൻഡ് ക്രിക്കറ്റ് ടൂർണമെന്റ്: റെസ്റ്റ് ഓഫ് ദ വേൾഡ് ടീമിനെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരി പകുതിയോടെ നടക്കുന്ന ലെജൻഡ് ക്രിക്കറ്റ് ടുർണമെന്റിനുള്ള റെസ്റ്റ് ഓഫ് ദ വേൾഡ് ടീമിനെ പ്രഖ്യാപിച്ചു. വേൾഡ് ജയന്റ് എന്ന പേരിലറിയപ്പെടുന്ന ടീമിൽ ബ്രെറ്റ് ലീ, ജോൺഡി റോഡ്സ്, കെവിൻ പീറ്റേഴ്സൺ തുടങ്ങിയ വമ്പൻ താരങ്ങളാണുള്ളത്. പ്രശസ്തരായ പഴയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ടൂർണമെന്റിൽ ഏഷ്യ ലയൺസ്, ഇന്ത്യ, റെസ്റ്റ് ഓഫ് ദ വേൾഡ് എന്നിങ്ങനെ മൂന്ന് ടീമുളകളാണുള്ളത്. ഏഷ്യ ലയൺസ്, ഇന്ത്യ എന്നീ ടീമുകളുടെ അംഗങ്ങളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡാരൻ സമ്മി, ഡാനിയൽ വെട്ടോറി, ബ്രെറ്റ് ലീ, ജോൺടി റോഡ്സ്, കെവിൻ പീറ്റേഴ്സൺ, ഇമ്രാൻ താഹിർ, ഒവൈസ് ഷാ, ഹെർഷൽ ഗിബ്സ്, ആൽബി മോർക്കൽ, മോർണി മോർക്കൽ, കോറി ആൻഡേഴ്സൺ, മോണ്ടി പനേസർ, ബ്രാഡ് ഹാഡിൻ, കെവിൻ ഒബ്രിയൻ, കെവിൻ ഒബ്രിയൻ, ബ്രണ്ടൻ ടെയ്ലർ എന്നിവരാണ് വേൾഡ് ജയന്റിനായി ജഴ്സിയണിയുന്നത്. ടീം ക്യാപ്റ്റന്മാരെയും കോച്ചുമാരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇന്ത്യ മഹാരാജാസ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ ടീമിനായി വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, എസ്. ബദരീനാഥ്, ആർ.പി. സിങ്, പ്രഗ്യാൻ ഓജ, നമാൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, അമിത് ഭണ്ഡാരി എന്നിവർ അണി നിരക്കും.
ഷാഹിദ് അഫ്രീദി, ജയസൂര്യ, മുത്തയ്യ മുരളീധരൻ, ശുഹൈബ് അക്തർ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദിൽഷൻ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, മിസ്ബാഉൾ ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമർ ഗുൽ, യൂനിസ് ഖാൻ, അസ്കർ അഫ്കാൻ എന്നീ താരങ്ങളാണ് ഏഷ്യ ലയൺസിനായി കളത്തിലിറങ്ങുന്നത്. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ അടക്കി ഭരിച്ചിരുന്നവർ വീണ്ടും കളത്തിൽ എത്തുന്നതോടെ മത്സരങ്ങൾ തീപ്പാറുമെന്നുറപ്പായി. മുൻ ഇന്ത്യൻ ഓൾറൗണ്ടറും ഇന്ത്യൻ ടീമിന്റെ കോച്ചുമായിരുന്ന രവി ശാസ്ത്രിയാണ് ലെജൻഡ് ക്രിക്കറ്റ് ലീഗിന്റെ കമീഷണർ. ലോകകപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുശേഷം മറ്റൊരു അന്താരാഷ്ട്ര മത്സരത്തിനായാണ് ഒമാൻ വേദിയാകാൻ പോകുന്നത്. ഒരുകാലത്ത് ടി.വിയിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

