എൻ.ഒ.സി ഒഴിവാക്കലിെനക്കുറിച്ച് കൂടുതൽ അറിയാം
text_fields2021 ജനുവരി ഒന്നു മുതൽ ഒമാനിൽ നിലവിലുള്ള തൊഴിലിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കിയല്ലോ. വ്യത്യസ്ത രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. തൊഴിൽ കരാർ പൂർത്തീകരിച്ചാലോ ടെർമിനേഷൻ വഴിയോ രാജി വഴിയോ എങ്ങനെയാണ് തൊഴിൽ മാറാൻ കഴിയുക? പഴയ തൊഴിലുടമയുമായാണോ കരാർ ഉണ്ടാക്കേണ്ടത്? എന്നിങ്ങനെ നിരവധി സംശയങ്ങൾ നിലനിൽക്കുകയാണ്. ഞാൻ നിലവിൽ മസ്കത്തിലെ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. എനിക്ക് ഇപ്പോഴത്തെ കമ്പനിയിൽ നിന്നും രാജി െവച്ച് മറ്റൊരു കമ്പനിയിലേക്ക് പോകാൻ കഴിയുമോ? പലരോടും അന്വേഷിച്ചതിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. വിശദീകരിക്കാമോ?മുഹമ്മദ് ഷക്കീൽ, അൽ ഖുവൈർ
2021 ജനുവരി ഒന്ന് മുതൽ ഒമാൻ എൻ.ഒ.സി നിയമത്തിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. വിദേശികളുടെ താമസ നിയമത്തിലെ നടപ്പാക്കൽ വകുപ്പ് 24ലാണ് മാറ്റം വരുത്തിയത്. പഴയ നിയമപ്രകാരം വിദേശിക്ക് തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ഒരു തൊഴിലിൽ നിന്ന് മറ്റൊന്നിലേക്കു മാറുന്നതിന് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി ആവശ്യമായിരുന്നു. അല്ലാത്ത പക്ഷം രണ്ട് വർഷത്തെ വിലക്കിന് ശേഷമാണ് പുതിയ വിസയിൽ വരാൻ സാധിച്ചിരുന്നുള്ളൂ. സർക്കാറിെൻറ പുതിയ തീരുമാന പ്രകാരം ഇൗ എൻ.ഒ.സി നിബന്ധന ഒഴിവാക്കി.
പുതിയ നിയമം നടപ്പായിട്ട് ഏകദേശം ഒരാഴ്ച മാത്രമാണ് കഴിഞ്ഞത്. വിദേശിയുടെ നിലവിലുള്ള തൊഴിൽ കരാർ പൂർത്തീകരിച്ചതിെൻറയോ അവസാനിപ്പിച്ചതിെൻറയോ രേഖകളും പുതിയ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിെൻറയോ തെളിവടക്കം ഹാജരാക്കിയാൽ എൻ.ഒ.സിയില്ലാതെ പുതിയ കരാറിലേക്ക് മാറാം. പുതിയ തൊഴിലുടമക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൈസൻസ് ഉണ്ടാകണം. തൊഴിൽ മന്ത്രാലയം നിർദേശിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും പുതിയ തൊഴിലുടമയുമായുള്ള കരാറിെൻറ അംഗീകാരം. മന്ത്രാലയം നിർദേശിക്കുന്ന അനുപാതത്തിലുള്ള സ്വദേശി തൊഴിലാളികളുടെ നിയമനം അടക്കമുള്ളവ കമ്പനികൾ പൂർത്തീകരിക്കണം. വിദേശ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുന്ന മേഖലകൾ കണക്കിലെടുത്ത് ആവശ്യാനുസരണം മാത്രമായിരിക്കും ഇത്തരത്തിൽ വിസ അനുവദിക്കപ്പെടുക.
തൊഴിൽ കരാറിെൻറ പൂർത്തീകരണവും റദ്ദാക്കലും എങ്ങനെ?
പ്രധാനമായും നിലവിലുള്ള തൊഴിൽ കരാറിെൻറ പൂർത്തീകരണം വഴിയും ടെർമിനേഷൻ, റസിഗ്നേഷൻ എന്നിവ വഴിയുമാണ് തൊഴിൽ കരാർ അവസാനിക്കുക. തൊഴിൽ മാറ്റം തൊഴിൽ കരാറിെൻറ കാലാവധി പൂർത്തീകരണവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്, മറിച്ച്, വിസ കാലാവധിയുമായിട്ടല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന്, ചില കമ്പനികൾക്ക് ജോലിയുടെ സ്വഭാവം അനുസരിച്ചു മൂന്നു മുതൽ 12 വരെ മാസം നീളുന്ന തൊഴിൽ കരാറുകൾ നിലവിലുണ്ട്. ഇത്തരത്തിൽ കരാറിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് കാലാവധി പൂർത്തീകരിക്കുന്ന മുറക്ക് വിസ കാലാവധി തീരുന്നതുവരെ കാത്തു നിൽക്കാതെത്തന്നെ മറ്റു തൊഴിലുടമയുടെ കീഴിലേക്ക് മാറാം.
ടെർമിനേഷനും രാജിയുമാണ് തൊഴിൽ കരാർ റദ്ദാക്കപ്പെടുന്ന മറ്റു കാര്യങ്ങൾ. പല കമ്പനികളും ബാധ്യതകൾ കുറക്കുന്നതിെൻറ ഭാഗമായും കമ്പനി ലിക്വിഡേഷെൻറ ഭാഗമായുമൊക്കെ തൊഴിലാളികളെ പിരിച്ചുവിടാറുണ്ട്. ഈ രീതിയിൽ പിരിച്ചുവിടപ്പെട്ടവർ അതിെൻറ രേഖകൾ തൊഴിൽ കരാറിെൻറയും മറ്റു അനുബന്ധ രേഖകളുടെയും കൂടെ ഹാജരാക്കണം. തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് പിരിച്ചുവിടപ്പെട്ടവർക്ക് എൻ.ഒ.സി നിയമത്തിെൻറ ആനുകൂല്യം ലഭിക്കില്ല.
തൊഴിൽ കാലാവധി പൂർത്തീകരിക്കുന്നതിന് മുമ്പുള്ള നിയമാനുസൃത നോട്ടീസ് പീരീഡ് കണക്കാക്കി തൊഴിലുടമക്ക് നോട്ടീസ് നൽകുക വഴി കരാർ അവസാനിപ്പിക്കാം. ഇത്തരം നോട്ടീസ് നൽകുക വഴി തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തൊഴിലാളിയുടെ തീരുമാനം തൊഴിലുടമയെ അറിയിക്കാം. റസിഗ്നേഷെൻറ കാര്യത്തിലായാലും ഇത്തരത്തിൽ നിയമാനുസൃത കാലാവധി കണക്കാക്കിയുള്ള നോട്ടീസ് നൽകലിനായാലും തൊഴിലുടമയിൽ നിന്നുമുള്ള അംഗീകാരം ആവശ്യമാണ്.
നിയമത്തിെൻറ ആനുകൂല്യത്തിൽ പുതിയ തൊഴിലിലേക്ക് മാറുന്നവർ നിലവിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട തൊഴിൽ രഹസ്യങ്ങൾ ചോർന്നു പോകാതിരിക്കുവാൻ അമേരിക്ക അടക്കം പല രാജ്യങ്ങളുടെയും വ്യവസ്ഥകൾ പിന്തുടരുന്നുണ്ട്. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനെ തടയുന്ന നിയമപരമായ കരാർ (നോൺ ഡിസ്ക്ലോഷർ എഗ്രിമെൻറ്) തയാറാക്കാൻ തൊഴിലുടമക്ക് സാധിക്കും എന്നതാണ് നിയമത്തിലെ മറ്റൊരു പ്രധാന വസ്തുത. നിലവിലുള്ള കമ്പനിയുമായി നേരിട്ട് മത്സരത്തിലുള്ള കമ്പനികളിലേക്ക് ജീവനക്കാരൻ മാറാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് നോൺ കോമ്പിറ്റീഷൻ എഗ്രിമെൻറ് തയാറാക്കാനും തൊഴിലുടമക്ക് അനുവാദമുണ്ട്. ഇതുവഴി കരാർ കാലാവധിക്ക് ശേഷം ജീവനക്കാരൻ നേരിട്ട് മൽസരമുള്ള കമ്പനികളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ തൊഴിലുടമക്ക് സാധിക്കും. തൊഴിൽ കരാറിൽ നോട്ടിഫിക്കേഷൻ ക്ലോസോ, കോംപൻസേഷൻ ക്ലോസോ ഉൾപ്പെടുത്തി തൊഴിലാളികളുടെ അനവസരത്തിലുള്ള പിരിഞ്ഞുപോകൽ ഇല്ലാതാക്കാനും കഴിയും.
ഇത്തരത്തിൽ പുതിയ തൊഴിലിലേക്കു മാറുന്നവർ കുടുംബ വിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അവരുടെ ഫാമിലി വിസയും പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറ്റാം. വിദേശ തൊഴിലാളികളുടെ തൊഴിൽ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിലുടമകളുടെ ന്യായമായ താൽപര്യങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ നിയമം. ഏതൊരു നിയമത്തിെൻറയും നടപ്പാക്കൽ വേളകളെ പോലെ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. പ്രായോഗിക തലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കി വരുംദിവസങ്ങളിൽ അധികൃതർ കൃത്യമായ തീരുമാനമെടുക്കും.
(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ച് അറിവ് നൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

