Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ക്യൂആർ...

ഒമാനിലെ ക്യൂആർ പേയ്മെന്റ് സംവിധാനത്തെപ്പറ്റി അറിയാം

text_fields
bookmark_border
ഒമാനിലെ ക്യൂആർ പേയ്മെന്റ് സംവിധാനത്തെപ്പറ്റി അറിയാം
cancel
camera_alt

അഡ്വ. ആർ മധുസൂദനൻ

ഒമാനിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി വർധിച്ചുവരികയാണ്. അതിൽ പ്രധാനപ്പെട്ട ഒരു സൗകര്യമാണ് ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം. സ്മാർട്ട്ഫോൺ ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം കൈമാറാൻ കഴിയുന്നതിനാൽ ഇത് വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു മാർഗമായി മാറിയിട്ടുണ്ട്. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായ ഡിജിറ്റൽ ഇക്കോണമി എന്ന ആശയത്തിന് അനുസൃതമായി ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക സംവിധാനത്തിന് ഒമാൻ അധികാരികൾ വളരെ പ്രാധാന്യമാണ് നൽകുന്നത്.

കാഷ് ലെസ് ഇക്കോണമി എന്ന ആശയത്തിന് ലോകം എമ്പാടുമുള്ള രാജ്യങ്ങൾ വലിയ ഊന്നൽ നൽകിവരുന്നുണ്ട്. ഒമാനിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ നേതൃത്വത്തിൽ വലിയ പ്രചാരമാണ് ക്യൂആർ പേയ്മെന്റ് സംവിധാനത്തിന് നൽകുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇതൊരു സർവ സാധാരണമാണെങ്കിലും ഒമാനിൽ ഈ സൗകര്യം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് പണം കൈവശം വെക്കാതെ തന്നെ മൊബൈൽ ബാങ്കിങ് ആപ്പുകളോ ഡിജിറ്റൽ വാലറ്റുകളോ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. ഇതിലൂടെ പണമിടപാടുകളുടെ കൃത്യതയും സുതാര്യതയും മെച്ചപ്പെടും.

ഹൈപ്പർ മാർക്കറ്റുകൾ, ജ്വല്ലറി ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ റസ്റ്ററന്റുകൾ, കഫേകൾ, ചെറിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യുആർ പേയ്മെന്റുകൾ ഇപ്പോൾ സ്വീകരിക്കപ്പെടുന്നുണ്ട്. ടാക്സി സർവിസുകൾക്കും ഇത് വളരെ ഉപയോഗപ്രദമാണ്. ചെറിയ ബാലൻസുകൾ കൊടുക്കുന്നത് അവർക്കൊരു ബുദ്ധിമുട്ടാണ്. ഈ സൗകര്യം വ്യാപകമായി പ്രചാരത്തിലാകുമ്പോൾ ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയും. ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് സ്വൈപ്പ് മെഷീനുകളുടെ ആവശ്യമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ പണം കൊടുക്കാം എന്നുള്ളത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. അതുപോലെ തന്നെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നതിലുള്ള റിസ്ക് കുറവാണ്. ഈ സംവിധാനത്തിൽ പരമാവധി റിസ്ക് വാലറ്റിലുള്ള പണമായിരിക്കും. പിൻ നമ്പർ, എൻക്രിപ്ഷൻ, ബയോമെട്രിക് സുരക്ഷ തുടങ്ങിയ സംവിധാനങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നു.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ക്യൂആർ വഴിയുള്ള പേയ്മെന്റ് സംവിധാനം താരതമ്യേന ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളേക്കാൾ കുറവാണ്. ഒമാനിൽ ഇത് ഇടപാടിന്റെ അര ശതമാനം (0.50%) ആണ്. പരമാവധി ചാർജ് രണ്ടു റിയാലായി ചുരുക്കിയിരിക്കുന്നു. ചിലവുകൾ കുറക്കാൻ സമ്മർദമുള്ള വ്യാപാരികൾക്ക് അതുകൊണ്ടു തന്നെ ഇത് ഉപകാരമാണ്. ക്യൂആർ വഴിയുള്ള ഇടപാടുകൾ അംഗീകൃതമായതിനാൽ, ചെറിയ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അധികാരികളിൽ നിന്നുള്ള പിഴ ഒഴിവാക്കാനും ഉപകരിക്കുന്നു.

ഒമാനിലെ ഒരു പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനം അവരുടെ ശാഖകളിൽ നിന്നും ക്യൂആർ സംവിധാനമുള്ള വ്യാപാര സ്ഥാപനങ്ങൾക്കു എല്ലാ ദിവസവും ആവശ്യമെങ്കിൽ രണ്ടായിരം ഒമാനി റിയൽ വരെ പിൻവലിക്കാനുള്ള സംവിധാനഓ ഒരുക്കിയിട്ടുണ്ട് . ഈ സൗകര്യം ബാങ്ക് അവധി ദിവസങ്ങളിലും അതുപോലെ ബാങ്ക് സമയം കഴിഞ്ഞും പണം ആവശ്യമുള്ള കച്ചവടക്കാർക്ക് വലിയ അനുഗ്രഹമാണ്. അതുപോലെ തന്നെ അവരുടെ വാലറ്റിൽ ഉള്ള തുക വേണമെങ്കിൽ അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ഓട്ടോമാറ്റിക് ആയി ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

ക്യൂആർ വഴിയുള്ള പണം കിട്ടി എന്ന് ഉറപ്പുവരുത്തുന്നത് വ്യാപാരികൾക്ക് തിരക്കുള്ള സമയങ്ങളിൽ ഒരു അസൗകര്യമായിരുന്നു. എന്നാൽ, ഇന്ത്യയിലെപ്പോലെ പണം കിട്ടിയാൽ ഉടൻ ഒരു ശബ്ദ സന്ദേശം പുറപ്പെടുവിക്കുന്ന മെഷീൻ (സൗണ്ട് ബോക്സ്) സംവിധാനം ഒമാനിലെ ഒരു പ്രമുഖ ധന വിനിമയ സ്ഥാപനത്തിന്റെ ക്യൂആറിൽ ഇപ്പോൾ നടപ്പിലാക്കിയിരുന്നു. പൊതുവെ രണ്ടു രീതിയിലുള്ള ക്യൂആർ സംവിധാനമാണുള്ളത്. ഒന്നാമത്തേത് ക്യൂആർ പേയ്‌മെന്റിൽ ഉപഭോക്താവ് തുക രേഖപ്പെടുത്തുന്നു (സ്റ്റാറ്റിക് ക്യൂആർ). രണ്ടാമത്തേത് വ്യാപാരി തുക രേഖപ്പെടുത്തിയ ക്യൂആർ ഉപഭോക്താവിനു നൽകുന്നു (ഡൈനാമിക് ക്യൂആർ). രണ്ടാമത്തേതിൽ തുക വ്യാപാരിക്കു കിട്ടുന്നത് കൂടുതൽ കൃത്യത ഉറപ്പാക്കുന്നു.

ഈ സംവിധാനത്തിന് മേന്മകൾ ഉണ്ടെങ്കിലും മറ്റു ഡിജിറ്റൽ സംവിധാനങ്ങളിൽ ഉണ്ടാകാറുള്ള വെല്ലുവിളികൾ ഇവിടെയുമുണ്ട്. ഇന്റർനെറ്റ് ലഭ്യതക്കുറവ്, വ്യാജ ക്യൂആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ സാക്ഷരതക്കുറവ് എന്നിവ പ്രധാന വെല്ലുവിളികൾ ആണ്. അതുകൊണ്ടു ക്യുആർ കോഡ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ ആവശ്യമാണ്. പേയ്‌മെന്റിന് മുമ്പ് തുകയും വ്യാപാരിയുടെ പേരും പരിശോധിക്കുക, സംശയാസ്പദമായ ക്യൂആർ കോഡുകൾ ഒഴിവാക്കുക എന്നിവ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

ഒമാനിൽ ക്യൂആർ കോഡ് അധിഷ്ഠിത ഇടപാടുകൾ രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തിക വളർച്ചക്ക് വലിയ പിന്തുണ നൽകുന്നു. ഭാവിയിൽ ഈ പേയ്‌മെന്റ് രീതി കൂടുതൽ വ്യാപകമാകുകയും സുരക്ഷിതവും സൗകര്യപ്രദവുമായ സാമ്പത്തിക ഇടപാടുകളുടെ പ്രധാന മാർഗമായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒമാനിലെ സർക്കാറും സെൻട്രൽ ബാങ്കും രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ക്യൂആർ പേയ്മെന്റ് സംവിധാനത്തിന്റെ വളർച്ച എല്ലാത്തരം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായി മാറിയിട്ടുണ്ട്. ഇത് വ്യാപകമായി നടപ്പാക്കുന്നതിൽ വ്യാപാരി സമൂഹം ഇനിയും വലിയ പങ്കു വഹിക്കേണ്ടതുണ്ട് .

(തുടരും )

(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfPayment systemOman
News Summary - Learn about the QR payment system in Oman
Next Story