'മസ്കത്ത് യോഗ മഹോത്സവി'ന് തുടക്കം
text_fieldsഅന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽനിന്ന്
മസ്കത്ത്: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'മസ്കത്ത് യോഗ മഹോത്സവി'ന് തുടക്കമായി. ഇന്ത്യൻ എംബസി പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ അംബാസഡർ അമിത് നാരങ്ങിന്റെ പത്നി ദിവ്യ നാരങ് ദീപം തെളിയിച്ചു. യോഗയുടെ ആരോഗ്യപരവും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച് അംബാസഡർ സംസാരിച്ചു. യോഗയുമായി ബന്ധപ്പെട്ട് കവിത രാമകൃഷ്ണ തയാറാക്കിയ തഞ്ചൂർ പെയിന്റിങ്ങും അംബാസഡർ അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധികളും ഒമാനിലെ നിരവധി യോഗ സംഘടനകളിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തിന് ശേഷം യോഗ പ്രദർശനവും നടന്നു. സംസ്കൃതി യോഗ, ആർട്ട് ഓഫ് ലിവിങ്, യോഗശാല, യോഗ സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള യോഗ വിദഗ്ധർ നേതൃത്വം നൽകി. യോഗ മഹോത്സവത്തിന് കീഴിലുള്ള പരിപാടികളുടെ പ്രതിവാര ഷെഡ്യൂൾ എംബസിയുടെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 'മസ്കത്ത് യോഗ മഹോത്സവി'ന്റെ ഭാഗമായി 75 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തും. മസ്കത്തിലെ വിവിധ സ്ഥലങ്ങളിലും സലാല, സഹാർ, സൂർ തുടങ്ങിയ നഗരങ്ങളിലുമായിരിക്കും പരിപാടികൾ. ജൂൺ 21ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലായിരിക്കും സുപ്രധാന ആഘോഷങ്ങൾ നടക്കുക. ഒമാൻ ഗവൺമെന്റ്, യോഗ സംഘടനകൾ, ഇന്ത്യൻ സോഷ്യൽ ക്ലബ്, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ, ഒമാൻ ആസ്ഥാനമായുള്ള യോഗ പരിശീലകർ എന്നിവരുടെ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

