‘ദുകം-2’ റോക്കറ്റ് വിക്ഷേപണം വീണ്ടും മാറ്റി
text_fieldsദുകത്തെ ഇത്താലാക് സ്പേസ് പോർട്ടിൽ വിക്ഷേപണത്തിനായി ഒരുക്കിയ ‘ദുകം-2’ റോക്കറ്റ്
മസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുകം-2 റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം സാങ്കേതികപ്രശ്നങ്ങൾമൂലം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണ വാഹനമായ ‘കീ-1ലെ വിവിധ സിസ്റ്റങ്ങൾക്കായി ഉപയോഗിക്കുന്ന സി.ഒ.ടി.എസ് വാൽവ് ആക്യുവേറ്ററിൽ പ്രശ്നം നേരിട്ടതാണ് വിക്ഷേപണത്തിന് തടസ്സമായതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ബഹിരാകാശപ്രവർത്തനങ്ങളിൽ ആവശ്യമായ കൃത്യതയെ പ്രതിഫലിപ്പിക്കുന്നതാണ് മാറ്റിവെക്കാനുള്ള തീരുമാനമെന്ന് ഇത്തലാക് സ്പേസ്പോർട്ട് സി.ഇ.ഒ സയ്യിദ് അസാൻ ബിൻ ഖൈസ് അൽ സഈദ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷക്കും സിസ്റ്റം സമഗ്രതക്കും മുൻഗണന നൽകുന്നത് കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുത്ത പ്രാദേശികവും അന്തർദേശീയവുമായ ടീമുകളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ദുകം-2 റോക്കറ്റ് പരീക്ഷണവിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ടീം അംഗങ്ങൾ
വിക്ഷേപണം നടത്താനായില്ലെങ്കിലും നിരവധി പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ദൗത്യം സഹായിച്ചു. ദൗത്യം ആസൂത്രണം ചെയ്യുക, നിയന്ത്രണ പ്രക്രിയകൾ നാവിഗേറ്റ് ചെയ്യുക, ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ രൂപകൽപന ചെയ്യുക, ഒരു ഇന്റഗ്രേഷൻ ഹാംഗർ നിർമിക്കുക എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ നേടിയെടുത്തെന്നും അദേഹം പറഞ്ഞു. ഈ ദൗത്യത്തിനായി തയാറെടുക്കുന്ന ഇത്തലാക്ക്, നാസ്കോം ടീമുകളുമായി അടുത്തുപ്രവർത്തിക്കാൻ കഴിഞ്ഞത് ആവേശകരമായിരുന്നുവെന്ന് സ്റ്റെല്ലാർ കൈനറ്റിക്സിന്റെ വക്താവ് പറഞ്ഞു. നാഷനൽ സ്പേസ് പ്രോഗ്രാമും സിവിൽ ഏവിയേഷൻ അതോറിറ്റിയും ഉടനീളം പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ കേന്ദ്രീകൃതമായ രണ്ട് ഗവേഷണ പേലോഡുകൾ വഹിക്കാൻ ദുകം-2 ദൗത്യം പദ്ധതിയിട്ടിട്ടുണ്ട്. ആദ്യത്തേത് യു.കെ ആസ്ഥാനമായുള്ള ജോയന്റ് യൂനിവേഴ്സിറ്റീസ് പ്രോഗ്രാം ഫോർ ഇൻ ഓർബിറ്റ് ട്രെയിനിങ് എജുക്കേഷൻ ആൻഡ് റിസർച് (ജൂപിറ്റർ) വികസിപ്പിച്ചെടുത്തതാണ്. ജൂപ്പിറ്റർ പേലോഡിൽ പ്രോട്ടോടൈപ് ഡിപ്ലോയ്മെന്റ് സിസ്റ്റമായ ജോവിയാൻ-ഒ 6യു ക്യൂബ് സാറ്റ് (Jovian-O 6U CubeSat), രണ്ട് ചെറിയ കാമറകൾ സജ്ജീകരിച്ചിരിക്കുന്ന ഡി.എ.വി.ഇ (ഡ്യൂവൽ അപാർചെർ ഫോർ വ്യൂവിങ് എർത്ത്) എന്നിവ ഉൾപ്പെടുന്നു.
രണ്ട് കാമറകളിലൊന്ന് ഭൂമിയുടെ ചിത്രങ്ങളും വിഡിയോകളും പകർത്താനും മറ്റൊന്ന് ബഹിരാകാശ അവശിഷ്ടങ്ങൾ നിരീക്ഷിക്കാനുമാണ് സംവിധാനിച്ചിരിക്കുന്നത്. രണ്ടാമത്തെ പേലോഡ് വികസിപ്പിച്ചെടുത്തത് തായ്വാനീസ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നാഷനൽ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഒരു സംരംഭമായ ‘സൈറ്റ്’ സ്പേസ് ആണ്. അവരുടെ പോക്കറ്റ് ക്യൂബ് II ഉപഗ്രഹം, സബ്ഓർബിറ്റൽ ഫ്ലൈറ്റ് സമയത്ത് തത്സമയ ഘടനാപരമായ സമ്മർദവും പാരിസ്ഥിതിക ഡേറ്റയും (താപനില, മർദം, ത്വരണം) രേഖപ്പെടുത്തുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ‘ദുകം-2’ റോക്കറ്റ് വിക്ഷേപണം ദുകത്തുനിന്ന് ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ആറിനും ഇടയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷനൽ സ്പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇത്തലാക് കമ്പനിയുമായി സഹകരിച്ചായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് ജൂലൈ അഞ്ച്-ആറ് തീയതികളിൽ നടത്താനിരുന്ന വിക്ഷേപണവും മാറ്റിവെച്ചിരുന്നു. ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചിരുന്നു. ഇതിൽ ആദ്യത്തെ റോക്കറ്റായ ‘യുനിറ്റി ഒന്ന്’ ഏപ്രിൽ അവസാനത്തോടെ വിക്ഷേപിക്കാനിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
‘ദുകം-2’ ജൂണിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞവർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027 ഓടെ പൂർണതോതിലുള്ള വാണിജ്യപ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുകയാണ് ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

