കഴിഞ്ഞവർഷം എംബസി വഴി നാടണഞ്ഞത് 1000ലധികം ഇന്ത്യക്കാർ
text_fieldsവനിത ജോലിക്കാരുടെ സംഘം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
മസ്കത്ത്: വിസ പ്രശ്നം അടക്കമുള്ള നിരവധി കാരണങ്ങളാൽ ഒമാനിൽപെട്ടുപോയ 1,100 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ വലിയ വിഭാഗം വീട്ടുജോലിക്കാരികളുമാണ്. ഒമാൻ സർക്കാറിന്റെ മികച്ച സഹകരണം കൊണ്ടാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ കഴിഞ്ഞതെന്നും അതിൽ ഒമാൻ സർക്കാറിന് നന്ദി അറിയിക്കുകയാണെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ബുധനാഴ്ച 15പേർ അടങ്ങുന്ന വനിത ജോലിക്കാരുടെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഒമാനിൽ തൊഴിൽ പ്രശ്നം അടക്കമുള്ള നിരവധി കാരണങ്ങളാൽ കുടുങ്ങിപ്പോയ ബാക്കിയുള്ളവർക്ക് സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.ഒമാനിൽ സന്ദർശന വിസയിൽ അടക്കമുള്ളവയിലെത്തി കുടുങ്ങിപ്പോകുന്നവർ നിരവധിയാണ്. പ്രധാനമായും സ്ത്രീകളാണ് ഇത്തരം കുടുക്കുകളിൽ പെടുന്നത്.
ഇന്ത്യയിലെ ഏജൻറുകൾ വഴിയും മറ്റുമാണ് ഇവർ ഒമാനിലെത്തുന്നത്. ഒമാനിൽ വിസിറ്റ് വിസ നിയമങ്ങൾ ഉദാരമാക്കിയതോടെ ഇത്തരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നാട്ടിലെ ഏജൻറുകൾക്കും മറ്റും വൻ സംഖ്യകൾ നൽകി മെച്ചമായ ജീവിതം പ്രതീക്ഷിച്ച് വിമാനം കയറുന്നവരും നിരവധിയാണ്. ഇവരിൽ പലരും മസ്കത്തിൽ വിമാനം ഇറങ്ങുമ്പോൾ മാത്രമാണ് പറ്റിക്കപ്പെട്ടതായി അറിയുന്നത്. നാട്ടിലെ കടബാധ്യതയിൽനിന്നും സാമ്പത്തിക പ്രയാസങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമായി നിരവധി സ്ത്രീകൾ വിസിറ്റ് വിസയിൽ ഒമാനിൽ എത്തുന്നു. വിസ കാലാവധി കഴിയുന്നതോടെ ഇവർ തിരിച്ചുപോവാൻ വഴിയില്ലാതെ പെട്ടുപോവുകയാണ്. ഇങ്ങനെയുള്ളരാണ് ഇന്ത്യൻ എംബസിയെ സമീപിക്കുന്നത്.
തൊഴിൽ പ്രശ്നം അടക്കമുള്ള കാരണങ്ങളാൽ ഒമാനിൽ കുടുങ്ങിയ നിരവധി പേർ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ നാടണയുന്നുണ്ട്. ചില കമ്പനികൾ പൂട്ടിയതടക്കമുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടവരും ഇതിൽപ്പെടും. ശമ്പളം ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാൽ എംബസിയെ സമീപിക്കുന്നവരും നിരവധിയാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. സാമൂഹിക പ്രവർത്തകർ ഇത്തരക്കാരെ ഓപൺ ഹൗസിലും മറ്റും എത്തിച്ച് എംബസിയുടെ ശ്രദ്ധ കൊണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

