കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത് 24 കുട്ടികൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിൽ നടന്ന റോഡപകടങ്ങളിൽ ഏഴിന് താഴെയുള്ള 24 കുട്ടികൾ മരിച്ചതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) റിപ്പോർട്ട്. ഒരുമാസം രണ്ടു കുട്ടികൾ എന്ന നിരക്കിലാണ് മരണമുണ്ടായതെന്ന് എൻ.സി.എസ്.ഐയുടെ ട്രാഫിക് സിസ്റ്റം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏഴ് വയസ്സിൽ താഴെയുള്ള 84 കുട്ടികൾക്കാണ് പരിക്കേറ്റത്. 2021ൽ റോഡപകടങ്ങളിൽ പരിക്കേറ്റ മൊത്തം ആളുകളുടെ 5.3 ശതമാനമാണിത്. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചവരിൽ പകുതിയിലധികവും 26നും 50നും ഇടക്കുള്ളവരാണ്. ഈ പ്രായപരിധിയിലുള്ള 221 പേരാണ് മരിച്ചത്. മൊത്തം റോഡപകട മരണങ്ങളുടെ 51.2 ശതമാനം വരും ഇത്. കഴിഞ്ഞ വർഷം 434 പേർ റോഡപകടങ്ങളിൽ മരിച്ചതായാണ് കണക്ക്. റോഡപകടങ്ങളിൽ 53 ശതമാനവും അമിതവേഗം മൂലം ഉണ്ടായതാണ്. 820 അപകടങ്ങളാണ് അമിത വേഗം മൂലം സംഭവിച്ചത്. റോഡ് മര്യാദകൾ പാലിക്കാതെ 282 അപകടങ്ങളും അശ്രദ്ധമൂലം 453 അപകടങ്ങളും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതിനാൽ 122 അപകടങ്ങളുമുണ്ടായി.
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ 56 അപകടങ്ങളാണ് സംഭവിച്ചത്. വാഹനത്തിന്റെ തകരാർ മൂലം 41 അപകടങ്ങളും മറ്റു കാരണങ്ങളാൽ 65 അപകടങ്ങളുമുണ്ടായി. അതേസമയം, രാജ്യത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്നാണ് എൻ.സി.എസ്.ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. 2021ൽ രാജ്യത്ത് 1,539 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ ഇത് 2,815ഉം 2020ൽ 2,442ഉം ആയിരുന്നു. കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും യാത്ര നിയന്ത്രണങ്ങളുമാകാം കഴിഞ്ഞ വർഷം അപകടങ്ങൾ കുറയാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്; 371. അപകട മരണങ്ങൾ കൂടുതൽ ഉണ്ടായിരിക്കുന്നതും മസ്കത്തിലാണ്. കഴിഞ്ഞ വർഷം 78 പേരാണ് മസ്കത്തിൽ റോഡപകടങ്ങളിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

