മൂന്നു ദശലക്ഷം റിയാലിെൻറ ഭൂമിപാട്ട കരാർ
text_fieldsമസ്കത്ത്: ഭവന, നഗര ആസൂത്രണ മന്ത്രാലയം സ്വകാര്യമേഖല കമ്പനികളും സ്ഥാപനങ്ങളുമായി മൂന്നു ദശലക്ഷം റിയാലിെൻറ ഭൂമിപാട്ട കരാറിൽ ഒപ്പുവെച്ചു. കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ ശിൽപശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ തുടർച്ചയായാണ് അഞ്ച് കരാറുകളിൽ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനും ഒമാൻ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് പിന്തുണ കിട്ടുന്നതിനുമുള്ള നിരവധി കാര്യങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തിരുന്നു.
ശിൽപശാലയിൽ വിവിധ കമ്പനികളുമായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നേരത്തെ നിരവധി കരാറുകളിൽ ഒപ്പുെവച്ചിരുന്നു. ദോഫാറിൽ തെങ്ങ് , ഈന്തപ്പഴ കൃഷി പദ്ധതി, തെക്കൻ ബാത്തിനയിലെ അൽ മുസന്ന വിലായത്തിൽ വാഴ കൃഷി, മാതളനാരങ്ങ, ഒലിവ് ഫാമുകൾ പാട്ടത്തിനെടുക്കുന്നതിനുള്ള കരാർ, വാദി ദഖ്യ അണക്കെട്ടിെൻറ വികസനം, വാണിജ്യ മത്സ്യകൃഷിക്കായി സമർപ്പിച്ചിരിക്കുന്ന ഭൂമിയുടെ വികസനം തുടങ്ങി നിരവധി മേഖലയുമായി ബന്ധപ്പെട്ടാണ് കരാർ വെച്ചിരിക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ നിക്ഷേപകർ, സർക്കാർ പ്രതിനിധികൾ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവരാണ് പെങ്കടുത്തിരുന്നത്.